ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടത്തി

post

ഇടുക്കി: ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തല കുടുംബ സംഗമവും  അദാലത്തും തൊടുപുഴ ചുങ്കം സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഭവന രഹിതര്‍ക്ക് സുരക്ഷിത വീടൊരുക്കുന്ന ലൈഫ് പദ്ധതി ആയിരക്കണക്കിനാളുകള്‍ക്ക് ഇതിനോടകം പ്രയോജനം ചെയ്തതായി പി.ജെ. ജോസഫ് എം.എല്‍.എ. പറഞ്ഞു. വിവിധ കണക്കുകളനുസരിച്ച് ഭൂരഹിത ഭവന രഹിതര്‍ക്കായി കേരളത്തില്‍ ഒരു ലക്ഷത്തോളം 'ഹൗസ് സൈറ്റുകള്‍' ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വ്യക്തികളും സംഘടനകളുമൊക്കെ സര്‍ക്കാരിനെ സഹായിക്കേണ്ടതുണ്ട്. ചില പഞ്ചായത്തുകള്‍ ഇത്തരത്തില്‍ ഭൂമി ലഭ്യമാക്കുന്നത് മാതൃകാപരമാണെന്നും എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പ്രിന്‍സി സോയി അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍.കെ. വിഷയാവതരണം നടത്തി. ഇടുക്കി ജോ. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ്.സി.തോമസ്, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സാ ജോണ്‍, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, ബ്ലോക്ക് പഞ്ചായത്തംഗം സിനോജ് ജോസ്, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.