വിശ്വാസയോഗ്യമല്ലാത്ത പരാതിയില്‍ പുരുഷന്‍മാരെ ശിക്ഷിക്കാനാകില്ല: വനിതാകമ്മീഷന്‍

post

ഇടുക്കി : വനിതാ കമ്മീഷന്‍ വനിതകളുടെ ക്ഷേമത്തിന് രൂപീകരിച്ചതാണെങ്കിലും സ്ത്രീകളുടെ വിശ്വാസയോഗ്യമല്ലാത്ത പരാതിയില്‍ പുരുഷന്‍മാരെ ശിക്ഷിക്കാനാകില്ലായെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചു. കമ്മീഷനില്‍ പരാതി നല്‍കിയിട്ട് വാദിയും പ്രതിയും ഹാജരാകാതിരിക്കുക, പരാതിക്കാസ്പദമായ സംഭവം കമ്മീഷനുമുന്നില്‍ വിശദീകരിക്കാനാകാതിരിക്കുക എന്നിവയൊക്കെ പരാതിയുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നതാണ്. കമ്മീഷന്റെ വിലപ്പെട്ട സമയത്തെയും സംവിധാനത്തെയും ദുരുപയോഗം ചെയ്യുന്നത് ഗൗരവമായാണ് കമ്മീഷന്‍ കാണുന്നതെന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മെഗാ വനിത കമ്മീഷന്‍  അദാലത്തില്‍ അവര്‍ വ്യക്തമാക്കി.
  ഭൂമി സംബന്ധമായ പരാതികളാണ് ജില്ലയില്‍ ഏറെയും. സ്വത്തുകൈക്കലാക്കിയിട്ട് വയോജനങ്ങളെ സംരക്ഷിക്കാതിരിക്കുന്നത് വയോജന നിയമപ്രകാരം കുറ്റകരമാണ്. മക്കള്‍ക്ക് എഴുതി നല്‍കിയ ഭൂമി, വയോജനങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നതിനും ബാങ്കില്‍ പണയപ്പെടുത്തി വയോജനങ്ങളെ സംരക്ഷിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനും നിയമം അനുശാസിക്കുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വിദ്യാ സമ്പന്നരെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ അജ്ഞരാണെന്നാണ് പരാതി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ ആവശ്യപ്പെട്ടില്ലെങ്കിലും രസീത് നല്‍കണമെന്ന് ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശിച്ചു. യഥാസമയം പരാതി നല്‍കാനോ രസീത് കൈപ്പറ്റാനോ ധൈര്യ സമേതം പരാതി വിശദീകരിക്കാനോ പരാതിക്കാര്‍ക്ക് കഴിയാതെ വരുന്നതും കമ്മീഷന്റെ ഇടപെടലിന് തടസ്സമാകാറുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല. മറ്റ് പരാതികളുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ടു വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. 120 പരാതികള്‍ പരിഗണിച്ചു. 32 എണ്ണം തീര്‍പ്പാക്കി. 79 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. കക്ഷികള്‍ ഹാജരാകാതിരുന്നതിനാല്‍ 17 പരാതികള്‍ മാറ്റി. കമ്മീഷന്‍ അംഗം ഷിജി ശിവജി, ഡയറക്ടര്‍ വി.യു കുര്യാക്കോസ് എസ്‌ഐ എല്‍.രമ തുടങ്ങിയവര്‍ സംബന്ധിച്ചു.