ഇ ഹെല്‍ത്ത് പദ്ധതി ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

post

എറണാകുളം : ഇ ഹെല്‍ത്ത് പദ്ധതി ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുടെ സഹകരണത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെല്‍ത്ത് കെയര്‍ സംവിധാനമായ ഇ ഹെല്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . ആധുനിക വിവര - സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗുണനിലവാരമുള്ള സമ്പൂര്‍ണ്ണ ആരോഗ്യ സംവിധാന സേവനം സാധാരണക്കാരന് ലഭ്യമാക്കുക എന്നതാണ് ഇ ഹെല്‍ത്ത് പദ്ധതിയുടെ ലക്ഷ്യം.

സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആധുനിക വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇ - ഹെല്‍ത്ത് . കേന്ദ്രികൃത ശ്ര്യംഖലയുമായി ബന്ധിപ്പിക്കുക വഴി ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്ന വ്യക്തികളുടെ രോഗം, നല്‍കുന്ന ചികിത്സ, ആരോഗ്യം സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ ഡിജിറ്റലായി സൂക്ഷിക്കാനാവും.

സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍ ടാബ്ലെറ്റ് കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ആധാര്‍ നമ്പര്‍ മുഖേന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. പരിസര ശുചിത്വം, പകര്‍ച്ച വ്യാധി സാധ്യത, പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍, നേരത്തെ ഉണ്ടായിരുന്ന രോഗ വിവരങ്ങള്‍, ജീവിച്ചു വരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ അപ്പോഴപ്പോള്‍ തന്നെ കേന്ദ്രികൃത ഡാറ്റാബേസിലേക്ക് അപ്ലോഡ് ചെയ്യപ്പെടും

ആധാര്‍ ഇ - ഹെല്‍ത്തു മായി ബന്ധിപ്പിച്ചവര്‍ക്ക് യുണീക്ക് ഹെല്‍ത് ഐ ഡി (യു എച് ഐ ഡി) ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നല്‍കും . ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന യു എച് ഐ ഡി കാര്‍ഡിലും ഒ പി കാര്‍ഡിലും രേഖപ്പെടുത്തിയിരിക്കുന്ന 16 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ഇ ഹെല്‍ത് അധിഷ്ഠിത ആശുപത്രികളിലും ഒ പി കാര്‍ഡും ടോക്കണും എടുക്കാം . ഇതുവഴി ആരോഗ്യവിവരങ്ങള്‍ ഒരേ നമ്പറില്‍ തന്നെ ശേഖരിക്കപ്പെടുകയും എല്ലാ ആശുപത്രികളിലും കമ്പ്യൂട്ടര്‍ ശ്ര്യംഖല വഴി ലഭ്യമാവുകയും ചെയ്യും ചികിത്സയുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും സാധിക്കും . ഇതിലൂടെ ഒരു വ്യക്തിയുടെ ഹെല്‍ത്ത് റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടും. അതിനാല്‍ ആശുപത്രിയില്‍ പോകുമ്പോള്‍ രേഖകള്‍ കൊണ്ടു പോകേണ്ട ആവശ്യം ഇനിയില്ല. ഡോക്ടര്‍ക്ക് വ്യക്തിയുടെ ഹെല്‍ത്ത് ഹിസ്റ്ററി യു എച് ഐ ഡി നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി കാണാന്‍ സാധിക്കും .

അതിനു പുറമെ സാമൂഹിക ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള ടാബ് ലെറ്റ് കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുകയും ചെയ്യും. സാംക്രമിക രോഗങ്ങളുടെ ഉത്ഭവവും വ്യാപനവും യഥാ സമയം കണ്ടെത്തുന്നതിനും സമയബന്ധിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇ ഹെല്‍ത്ത് പദ്ധതി സഹായകരമാണ്.