പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ജില്ലയിലെ ആണ്‍കുട്ടികള്‍ക്കായുള്ള ആദ്യത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു

post

 ഇടുക്കി : പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ കോടാലിപ്പാറയില്‍  നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. പട്ടിക ജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ യോഗത്തിന്  അധ്യക്ഷത വഹിച്ചു. 

     ചരിത്രപരമായ കാരണങ്ങളാല്‍  സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും പിന്നോക്കം പോയ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളായി വികസന പദ്ധതികളെ  വിലയിരുത്തണമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ നാല് വര്‍ഷമായി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങള്‍ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍  യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹ്യവുമായ വികസനത്തിന് ഉതകുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്.  ഭൂമി, വീട്, അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍, ഇവ ഒരുക്കുന്നതിന് അതീവ പ്രാധാന്യം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

പട്ടികജാതിയില്‍പ്പെട്ട 17,177 ഭൂരഹിത കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം നല്‍കി. അറുപതിനായിരത്തിലധികം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 201 പട്ടികജാതി കോളനികളില്‍ സമഗ്രവികസന പദ്ധതി പൂര്‍ത്തീകരിച്ചു. കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി. വാസയോഗ്യമല്ലാത്ത 10,000 വീടുകള്‍ വാസയോഗ്യമാക്കാനുള്ള പദ്ധതിപ്രകാരം വീടൊന്നിന് ഒന്നര ലക്ഷം രൂപ വരെ ധനസഹായം നല്‍കി.  മികച്ച വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവ നല്‍കി യുവാക്കളെ സ്ഥിരവരുമാനുള്ളവരാക്കുക  എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഫലമാണുണ്ടായത്. വീട്ടില്‍ പഠനസൗകര്യം കുറവായ  പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക വേണ്ടി നടപ്പാക്കിയ പഠനമുറി പദ്ധതി രാജ്യശ്രദ്ധയാകര്‍ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വീടിനോട്  ചേര്‍ന്ന് ഒരു മുറി നിര്‍മ്മിച്ച് പഠന സൗകര്യം ഒരുക്കി നല്‍കാന്‍ രണ്ട് ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. 12,500 പഠനമുറികള്‍ ഇതിനകം പൂര്‍ത്തിയാക്കി നല്‍കി. ഇനിയും 12,500 പഠനരീതികള്‍ കൂടി നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനൂകൂല്യങ്ങള്‍  അന്‍പത് ശതമാനം ഉയര്‍ത്തി.  നിരവധി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ഒരുക്കി.  3 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചു, 3 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങി. 18 ഐടിഐകള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞു.  വിദേശത്ത് പഠിക്കുന്നതിനും തൊഴില്‍ നേടുന്നതിനും   സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്കായി പരമാവധി 25 ലക്ഷം രൂപ വരെ  ധനസഹായം നല്‍കി. വിദേശത്ത് തൊഴില്‍ നേടുന്നതിന് 4162 പേര്‍ക്ക്  ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കി, 80,000ത്തോളം പേര്‍ക്ക് ചികിത്സാ ധനസഹായം നല്‍കി. പെണ്‍കുട്ടികള്‍ക്ക് വാത്സല്യ നിധിയെന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതിയും സര്‍ക്കാര്‍  നടപ്പാക്കിയിട്ടുണ്ട് .

പട്ടികവര്‍ഗ വികസന വകുപ്പിന്റ സ്ഥലത്ത് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 2018 മെയ് 22 ന് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ഹോസ്റ്റലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 100 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ താമസിക്കാനാകും.ആണ്‍കുട്ടികള്‍ക്കായി ജില്ലയില്‍ പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിച്ചതോടെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉപരി പഠനത്തിന് സാധ്യതകള്‍ ഏറുകയാണ്.

   യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവര്‍ മുഖ്യാഥിതികളായി. ജനപ്രതിനിധികള്‍, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനിത് കുമാര്‍, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ പി പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.

  കോടാലിപ്പാറ ഹോസ്റ്റല്‍ സമുച്ചയത്തില്‍ നടന്ന പ്രദേശിക ചടങ്ങിന്റെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണിയും ശിലാഫലകം അനാച്ഛാദന കര്‍മ്മം കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശിയും നിര്‍വ്വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.