പടന്നകടപ്പുറം കയര്‍ വ്യവസായ സഹകരണ സംഘത്തിന് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍

post

സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ: ടി എം തോമസ് ഐസക് നിര്‍വഹിച്ചു

കാസര്‍ഗോഡ് : കണ്ണൂര്‍ കയര്‍ പ്രോജക്ടിന് കീഴിലുള്ള  പടന്നകടപ്പുറം കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ 10 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ: ടി എം തോമസ് ഐസക് നിര്‍വഹിച്ചു. സര്‍ക്കാര്‍, കയര്‍ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന രണ്ടാം കയര്‍ പുനഃസംഘടനയുടെ ഭാഗമായി 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍  2020 നവംബറില്‍ 100 കയര്‍ സംഘങ്ങളില്‍ സ്ഥാപിച്ചു പ്രവര്‍ത്തന ക്ഷമമാക്കി വരുന്നതിന്റെ ഭാഗമായാണ് പടന്നകടപ്പുറം സംഘത്തിനും മെഷീനുകള്‍ അനുവദിച്ചത്. മികച്ച ഉല്പാദന ക്ഷമതയുള്ളതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ളതുമായ ഈ മെഷീനുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തുവരുന്നത് പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ആണ്.

കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്കു തിരികെയെത്തിക്കാനുള്ള ശ്രമം ഫലം കാണുന്നു- ധനകാര്യ മന്ത്രി

 സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2016 കാലയളവില്‍ 7000 ടണ്‍ ആയിരുന്നു സംസ്ഥാനത്തെ കയറുല്‍പാദനം. ഇന്നത് 20000 ടണ്ണാക്കി ഉയര്‍ത്താനായി. 40000 ടണ്‍ എന്ന വാര്‍ഷിക ഉല്പാദന ലക്ഷ്യത്തിലേക്കു കയര്‍പിരി മേഖലയെ എത്തിക്കുന്നതിനായാണ് മികച്ച ഉല്പാദന ക്ഷമതയുള്ള എ.എസ്.എം മെഷീനുകള്‍ സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം കോവിഡ് പ്രതിസന്ധികളെ മറികടന്നും സര്‍ക്കാര്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുള്ളത്. ഉല്പാദന മികവ് കൈവരിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനുമാവും. കേരളത്തിന്റെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്കു തിരികെയെത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു തൊഴിലാളികളുടെ ഭാഗത്തുനിന്നും സഹകരണ സംഘങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായി വരുന്നുണ്ടെന്നും ഉദ്ഘാടന  നിര്‍വഹിച്ചു കൊണ്ട്  ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് പറഞ്ഞു. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന എം. രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്വിച്ച്ഓണ്‍ കര്‍മ്മം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ നിര്‍വഹിച്ചു. 

കയര്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍.പത്മകുമാര്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍പി.വി രവീന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി എം.ഡി ശശീന്ദ്രന്‍. പി.വി, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ കെ ആര്‍ അനില്‍, പഞ്ചായത്ത് അംഗം കെ.വി രമേശന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍,  ടി ശിവശങ്കരന്‍, കയര്‍ ഇന്‍സ്‌പെക്ടര്‍  മഞ്ജുഷ ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് എ.വി രാഘവന്‍ സ്വാഗതവും, സെക്രട്ടറി ചിത്രാ ഗോപാലന്‍ നന്ദിയും പറഞ്ഞു.