കോവിഡ് പ്രതിരോധം : ആശുപത്രികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

post

എറണാകുളം : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഒരു രോഗിക്കും ആശുപത്രികളില്‍ അടിയന്തര ചികിത്സ നിഷേധിക്കരുത്

കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി എല്ലാ ആശുപത്രികളും അവരുടെ എച്ച് ഡി യു ഐസിയു ബെഡുകളുടെ 25% മാറ്റിവെക്കണം.ഇത് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുകയും വേണം. കോവിഡ് രോഗികളുടെയും ഇതര രോഗികളുടെയും ചികിത്സയ്ക്ക് വെവ്വേറെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

ഫിസിഷ്യന്‍മാര്‍ ഉള്ള എല്ലാ ആശുപത്രികളും തങ്ങളുടെ ആശുപത്രിയില്‍ കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളെ ചികിത്സിക്കണം. ആരോഗ്യ വിഭാഗത്തിന്റെ അതതു സമയങ്ങളിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ചികിത്സ

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളും കെ എ എസ് പി രജിസ്‌ട്രേഷന്‍ നടത്തണം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുള്ള കോവിഡ്-19 രോഗികള്‍ക്ക് സാജന്യമായി ചികിത്സ നല്‍കാന്‍ സഹായിക്കും. കെ എ എസ് പി യുടെ കോവിഡ് പാക്കേജിനു കീഴില്‍ ചികിത്സയ്ക്ക് ചെലവാകുന്ന തുക ആശുപത്രികള്‍ക്ക് സമയബന്ധിതമായി തിരികെ ലഭ്യമാകുന്നതാണ്.

എല്ലാ ആശുപത്രികളും കോവിഡ് രോഗികളുടെയും ആശുപത്രിയില്‍ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുടെയും വിശദവിവരങ്ങള്‍ ഡി പി എം എസ് യു എറണാകുളത്തിന്റെ പ്ലാറ്റ്‌ഫോമില്‍ നല്‍കേണ്ടതാണ്.