മഞ്ചാടി കൂടാരം: ഗണിത പഠനം വീടുകളിലേക്ക്

post

ഇടുക്കി : കേരള സര്‍ക്കാര്‍ രൂപീകരിച്ച കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ.-ഡിസ്‌ക്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് 'മഞ്ചാടി- ടീച്ച് മാത്‌സ് ഫോര്‍ കേരള'.എട്ട് മുതല്‍ പന്ത്രണ്ട് വരെ പ്രായപരിധിയിലുള്ള കുട്ടികളുടെ ഗണിത പഠന ശേഷിയെ മെച്ചപ്പെടുത്തുവാനുള്ള നൂതന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട ഒരോ പഞ്ചായത്തുകളില്‍ വീതമാണ് ആദ്യ ഘട്ടത്തില്‍ പൈലറ്റ് പ്രൊജക്ടായി പദ്ധതി നടപ്പിലാക്കുന്നത്. ഇടുക്കി ജില്ലയില്‍ വെള്ളിയാമറ്റം പഞ്ചായത്തിലാണ് 'മഞ്ചാടി കൂടാരം' പ്രവര്‍ത്തിക്കുന്നത്. ജോഡോഗ്വാന്‍ എഡ്യുക്കേഷന്‍ സര്‍വ്വീസസ് എന്ന വിദ്യാഭ്യാസ ഗവേഷണ സംഘടനയാണ് ഇതിനാവശ്യമായ അക്കാദമിക് സഹായം ലഭ്യമാക്കുക.

 കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഗണിത ശേഷി കുട്ടികള്‍ സ്വയം ആര്‍ജ്ജിക്കുയാണ് പദ്ധതിയിലൂൂടെ ചെയ്യുന്നത്. പരിശീലനം ലഭിച്ച ആനിമേറ്റര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമാണ് ഇതിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഗണിത പഠനമാണിപ്പോള്‍ നടക്കുന്നത്. ഇതിനായി തയ്യാറാക്കിയ ഗണിത പഠന കിറ്റുകളുടെ വിതരണോദ്ഘാടനം വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന്‍ നിര്‍വഹിച്ചു. യോഗത്തിന് ഡിമിന മുരളി സ്വാഗതവും ഹസീന ഹാരിസ് നന്ദിയും പറഞ്ഞു.

 കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒക്ടോബര്‍ പന്ത്രണ്ട് മുതല്‍ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള രക്ഷിതാക്കളുടെ യോഗം ഞായറാഴ്ച്ച 11 ന് നടത്തുമെന്ന് മഞ്ചാടി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ വി.വി.ഷാജി, അനിമേറ്റര്‍ അശ്വതി.വി.ഗോപാല്‍ എന്നിവര്‍ അറിയിച്ചു.