പട്ടിക വര്‍ഗ വികസന വകുപ്പ് നിര്‍മ്മിച്ച മേമുട്ടം കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ അറക്കുളം പഞ്ചായത്തിലെ മേമുട്ടത്ത് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ പുതിയ കെട്ടിടം സംസ്ഥാന പട്ടിക ജാതി - പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പി.ജെ.ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റോഷി അഗസ്ത്യന്‍ മുഖ്യാതിഥിയായി. പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ പി.പുകഴേന്തി സ്വാഗതം പറഞ്ഞു. മേമുട്ടത്ത് സംഘടിപ്പിച്ച ചടങ്ങില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടോം ജോസ് കുന്നേല്‍, ജില്ലാ പഞ്ചായത്തംഗം സുനിത സി.വി, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ചെല്ലമ്മ ദാമോദരന്‍, മേമുട്ടം ഊരുമൂപ്പന്‍  പി.ജി. ജനാര്‍ദ്ദനന്‍, തങ്കമണി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ.ടി.ഡി.പി. ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ കൃതജ്ഞത പറഞ്ഞു.

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഉള്‍പ്പെട്ട അറക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് മേമുട്ടം പട്ടിക വര്‍ഗ കോളനി. ഇവിടെ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് 2018 - 19 സാമ്പത്തിക വര്‍ഷത്തെ ജില്ലാ തല കോര്‍പ്പസ് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അറക്കുളം ഗ്രാമപഞ്ചായത്തിന് കൈമാറിയിരുന്നു. ഈ തുക വിനിയോഗിച്ച് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനായി 1,150 സ്‌ക്വയര്‍ ഫീറ്റ് വരുന്ന കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോളനിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ ഊരാളി വിഭാഗത്തില്‍പ്പെട്ട 69 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. തങ്കമണി മോഹനന്‍ പുന്നയ്ക്കല്‍ എന്നയാള്‍ 10 സെന്റ് സ്ഥലം അറക്കുളം ഗ്രാമപഞ്ചായത്തിന് സൗജന്യമായി കൈമാറിയിരുന്നു. ഇവിടെയാണ് കെട്ടിടം നിര്‍മ്മിച്ചത്. കമ്മ്യൂണിറ്റി ഹാളില്‍ കോളനി നിവാസികള്‍ക്ക് സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പാരമ്പര്യ കലാരൂപങ്ങളുടെ പരിശീലനം എന്നിവ സംഘടിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ പറഞ്ഞു.