ഗ്രാമദീപം പദ്ധതിക്ക് തുടക്കമായി

post

തൃശൂര്‍: ഗ്രാമപഞ്ചായത്ത് വഴിയോരങ്ങളില്‍ സമ്പൂര്‍ണ എല്‍ഇഡി വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന ഗ്രാമദീപം പദ്ധതിക്ക് തുടക്കം. പഞ്ചായത്തിന്റെ 2020 - 21 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്‌നേഹഗിരി മുതല്‍ കുഴിക്കാട്ടുശ്ശേരി വരെയുള്ള സംസ്ഥാന പാതയിലെ ലൈറ്റുകള്‍ എല്‍ഇഡി ആക്കും. ഗ്രാമപഞ്ചായത്തിലെ വഴി വിളക്കുകള്‍ എല്‍ഇഡി ബള്‍ബ് ആക്കുന്നതോടു കൂടി വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും വൈദ്യുതി തുകയില്‍ നിന്നും വന്‍ ലാഭം നേടാനും കഴിയും.

പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ്, പഞ്ചായത്തംഗം അമ്പിളി തിലകന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ അഭിജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.