ലൈഫ് മൂന്നാംഘട്ടം: യാഥാര്‍ത്ഥ്യമാകുന്നത് 1,285 കുടുംബങ്ങള്‍ക്കുള്ള വീട്

post

പാലക്കാട്: ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ 1,285 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭവനസമുച്ചയങ്ങളുടെ നിര്‍മാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മൂന്നാംഘട്ടം ഭവനസമുച്ചയം സംസ്ഥാനതല നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിലായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് നിര്‍വഹിച്ചത്. ഇതില്‍ 12 ഫ് ളാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. 181.22 കോടി രൂപ ചെലവിലാണ് നിര്‍മാണം. പദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി വീണ്ടും അവസരം നല്‍കിയപ്പോള്‍ എട്ട് ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇവരുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി വീട് നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ അധ്യക്ഷനായി.

കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ഭവനസമുച്ചയത്തിന് തറക്കല്ലിട്ടുകൊണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഭവനനിര്‍മാണ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ നടത്തുന്നത്. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നി നടത്തിയ ഏറ്റവും ഫലപ്രദമായ ഇടപെടലാണ് ലൈഫ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനായാല്‍ കൂടുതല്‍ പേര്‍ക്ക് വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി.

ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയമാണിത്. 61 സെന്റ് സ്ഥലത്ത് 36 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍പ്പിട സമുച്ചയമാണ് ഇവിടെ നിര്‍മിക്കുന്നത്. 5.11 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയം ഡല്‍ഹി ആസ്ഥാനമായ സ്ഥാപനമാണ് നിര്‍മിക്കുന്നത്.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഷൈജ, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, കൊടുമ്പ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, എ.ഡി.എം. ആര്‍. പി. സുരേഷ്, ലൈഫ് മിഷന്‍ ജില്ലാ കര്‍മസമിതി കണ്‍വീനര്‍ കെ. പി. വേലായുധന്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു.