ലൈഫ് മിഷന്‍: ഭവന നിര്‍മ്മാണത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം

post

മണ്ണഞ്ചേരി, പള്ളിപ്പാട് ഭവനസമുച്ചയ നിര്‍മാണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടു

ആലപ്പുഴ: 8068 കോടിരൂപയുടെ വീടുകളുടെ നിര്‍മ്മാണം നാട്ടില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞ ലൈഫ് മിഷന്‍, ഭവന നിര്‍മ്മാണ കാര്യത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ഹരായ മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് നല്‍കുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 29 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലപ്പുഴ ജില്ലയില്‍ മണ്ണഞ്ചേരി, പള്ളിപ്പാട് ഭവന സമുച്ചയങ്ങളാണ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലൈഫ് മിഷന്‍ വഴി 101 ഭവന സമുച്ചയങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 12 എണ്ണത്തിന്റെ നിര്‍മ്മാണം വളരെ വേഗം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത 29 ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 1,285 കുടുംബങ്ങള്‍ക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കണ്ണൂരില്‍ നാലും എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ മൂന്നും മറ്റു ജില്ലകളില്‍ ഒന്നും രണ്ടും വീതം ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. 181.22 കോടി രൂപ ചെലവഴിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കും.

സ്വന്തമായി വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകരുത് എന്നതാണ് ലൈഫ് പദ്ധതി വിഭാവനം ചെയ്യുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ കാഴ്ചവച്ചത്. ഇതുവരെ 2,26,518 കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ വഴി സ്വന്തം വീടുകളിലേക്ക് താമസം മാറ്റാനായി. ഒന്നരലക്ഷം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് മിഷന് ഒന്നാം ഘട്ടത്തില്‍ 676 കോടി രൂപ ചെലവിട്ട് 52,307 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ 81,840 ഗുണഭോക്താക്കള്‍ക്ക് വീട് പൂര്‍ത്തിയാക്കി നല്‍കി. കേന്ദ്ര - സംസ്ഥാന പദ്ധതികളെ യോജിപ്പിച്ചും സര്‍ക്കാര്‍ വിഹിതവും വായ്പയും ചേര്‍ത്തും സന്മനസ്സുകളുടെ സഹകരണത്തോടെയുമാണ് ഇത്രയും ബൃഹത്തായ പദ്ധതി യാഥാര്‍ഥ്യമായത്. സഹകരണ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയും കാര്യമായി മുന്നോട്ടുവന്ന് പ്രവര്‍ത്തിച്ചു. നിലവില്‍ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 1,35,769 ഗുണഭോക്താക്കളെ വീടിന് അര്‍ഹരായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1761 കുടുംബങ്ങള്‍ക്ക് വീട് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പൈലറ്റ് പ്രോജക്ട് ആയി ഇടുക്കി അടിമാലിയില്‍ സമുച്ചയ നിര്‍മാണം പൂര്‍ത്തിയാക്കി അടിമാലി പഞ്ചായത്തിന് കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കള്‍ ഇവിടെ താമസമാക്കി. ലൈഫ് മിഷനെതിരെയുള്ള ആരോപണങ്ങള്‍ ഭയന്നു ജനോപകാരപ്രദമായ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. ചിലര്‍ ലൈഫ് മിഷന്‍ പദ്ധതിയെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നു. ലൈഫിനെതിരെ കാര്യമായ നുണപ്രചരണങ്ങളും നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി മണ്ണഞ്ചേരി കണ്ണാട്ടുകടവില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പാര്‍പ്പിട പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.

നാലോ അഞ്ചോ ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിച്ചു കഴിഞ്ഞാല്‍ സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേവലം കെട്ടിടസമുച്ചയം ഉണ്ടാക്കുക മാത്രമല്ല ജനങ്ങള്‍ക്കുള്ള ജീവിത സാഹചര്യം കൂടി സര്‍ക്കാര്‍ ഒരുക്കി നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. വന്‍പിച്ച ജന പങ്കാളിത്തം ഈ ബൃഹത്തായ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ സന്ദേശത്തില്‍ പറഞ്ഞു. എ എം ആരിഫ് എംപി ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഭവന സമുച്ചയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ലൈഫ്മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി പി ഉദയസിംഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ് അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി എ ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍, ലൈഫ് പ്രോജക്ട് ഡയറക്ടര്‍ എ. പ്രദീപ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നാല് നിലകളിലായി 28 ഫ് ളാറ്റുകളാണ് മണ്ണഞ്ചേരിയില്‍ നിര്‍മ്മിക്കുന്നത്. 54 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം. 445 ചതു.അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഓരോ ഫ് ളാറ്റിലും രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക. 4.75 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്‌സുമി ഹൗസിങ് ലിമിറ്റഡ് ആണ്. സമുച്ചയത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക മുറി, സിക്ക് റൂം, കോമണ്‍ ഫെസിലിറ്റി റൂം, റിക്രീയേഷന്‍ റൂം, ഇലക്ട്രിക്കല്‍ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം എന്നിവ ഉണ്ടായിരിക്കും. ലൈഫ് മിഷനില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടത്തിലായി 53 വീടുകളും രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്ത 382 വീടുകളില്‍ 350 വീടുകളും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.