സന്നദ്ധ സേന വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

post

കോഴിക്കോട് : സാമൂഹ്യ സന്നദ്ധ സേനയില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ സന്നദ്ധ സേന വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സബ് കലക്ടര്‍ ജി പ്രിയങ്കയും അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷും ചേര്‍ന്ന് വിതരണം നിര്‍വഹിച്ചു.  

സമൂഹത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോഴാണ് നമുക്ക് മഹത്വമുണ്ടാവുകയെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് സന്നദ്ധ സേന പ്രവര്‍ത്തനങ്ങള്‍ക്കുള്ളതെന്നും സബ് കലക്ടര്‍ ജി.പ്രിയങ്ക പറഞ്ഞു. ജീവിതത്തില്‍ നമ്മുടെ സന്തോഷമെന്നത് വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നും ഒരാളുടെയെങ്കിലും ജീവിതത്തില്‍ നമ്മെ കൊണ്ട് വെളിച്ചം പകരാനായാല്‍ അതാണ് വലിയ കാര്യമെന്നും അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് പറഞ്ഞു.

ജില്ലയില്‍ 1,200 ലധികം സന്നദ്ധ സേന പ്രവര്‍ത്തകരാണുളളത്.  സംസ്ഥാന തലത്തില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്  സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത എറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ളത് കോഴിക്കോടാണ് .പരിശീലനം പൂര്‍ത്തിയാക്കിയ 28 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കിയത്.  ശേഷിക്കുന്നവര്‍ക്ക് അതത് താലൂക്കുകളില്‍ സര്‍ട്ടിഫിക്കറ്റ് എത്തിച്ച് വിതരണം നടത്തും.കോവിഡ് മാനദണ്ഡം പാലിച്ചാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.