ദുര്‍ബല വിഭാഗങ്ങള്‍ക്കു സര്‍ക്കാരിന്റെ മികച്ച പിന്തുണ: മുഖ്യമന്ത്രി പിണറായി വിജയന്‍

post

ഇരുമ്പുപാലം പ്രീ മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

ഇടുക്കി : ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുമ്പുപാലത്തെ പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നോക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാനുളള മികച്ച സൗഹര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രിമെട്രിക് ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്, ദൂരെയുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്കും പഠന സൗകര്യമില്ലാത്തവര്‍ക്കും ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്താം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ഒരുപോലെ ഉപകരിക്കും. പഠനത്തിനൊപ്പം തൊഴില്‍ നൈപുണ്യ രംഗങ്ങളിലും പിന്നാക്ക വിഭാഗങ്ങള്‍ മുന്നേറണ്ടതുണ്ട്. കോവിഡ് മഹാമാരിയിലും കാലവര്‍ഷക്കെടുതികളിലും കേരളം  അകപ്പെട്ടിരിക്കുന്നു. ഇതിനെ അതിജീവിച്ചു മുന്നേറുകയാണു നാം. ഇതെല്ലാം നമ്മള്‍ വീണ്ടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഭൗതിക  സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും പ്രിമെട്രിക് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

 ഇരുമ്പുപാലത്ത്  100 പേര്‍ക്ക് താമസിച്ചു പഠനം നടത്താവുന്ന രീതിയില്‍ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ പ്രവര്‍ത്തന ഉദ്ഘാടനമാണ് നടന്നത്. 5.34 കോടി രൂപ മുതല്‍ മുടക്കി നാലു നിലകളിലായാണു നിര്‍മ്മാണം. അത്യാധുനിക സംവിധാനങ്ങളും പ്രത്യേക മെസ് ഹാളും ഡോര്‍മെറ്ററി സംവിധാനങ്ങളും അടങ്ങുന്നതാണു പുതിയ ഹോസ്റ്റല്‍. താമസിച്ചു പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു മികച്ച അന്തരീക്ഷമൊരുക്കുന്ന രീതിയിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.  എസ് രാജേന്ദ്രന്‍ എം.എല്‍.എ മുഖ്യമന്ത്രിക്കു വേണ്ടി ശിലാഫലകം അനാവരണം ചെയ്തു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ അടിമാലി ട്രൈബല്‍ ഡവലപ്പ്്‌മെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേരിട്ടും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി പുഗഴേന്തി, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനിത് കുമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു.