ടീന്‍ ഫോര്‍ ഗ്രീന്‍; ഹരിത വീട്, ശുചിത്വ വീട്

post

എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഹരിത കേരളം ക്യാമ്പയിന്‍

ആലപ്പുഴ: അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ തരം തിരിച്ച് അവ ഹരിതകര്‍മ്മ സേനക്കു കൈമാറാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 2600 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഒരുങ്ങുന്നു. ടീന്‍ ഫോര്‍ ഗ്രീന്‍ ഹരിത വീട്, ശുചിത്വ വീട് എന്ന ക്യാമ്പയിനിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ നിര്‍വഹിച്ചു. ഹരിത കേരളം വയനാട് ജില്ലാ മിഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

അജൈവ മാലിന്യങ്ങള്‍ ലളിതമായ മൂന്ന് രീതികളില്‍ തരം തിരിക്കാനാണ് കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ക്ലീന്‍ കേരള കമ്പനി ഹ്രസ്വ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. അജൈവ മാലിന്യങ്ങള്‍ എങ്ങനെ തരംതിരിക്കമെന്ന് പ്രതിപാദിക്കുന്ന ഈ വീഡിയോ ജില്ലയിലെ മുഴുവന്‍ വളണ്ടിയര്‍മാരിലേക്കും എന്‍.എസ്.എസ് എത്തിക്കും. വളണ്ടിയര്‍മാര്‍ വീഡിയോയില്‍ പറഞ്ഞത് പ്രകാരം അവരവരുടെ വീടുകളില്‍ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുകയും നിശ്ചിത ഇടവേളകളില്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും.

ജില്ലയില്‍ മുഴുവന്‍ വീടുകളും ഉറവിടത്തില്‍ തന്നെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വെയ്ക്കാനും ശേഷം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും ഈ സന്ദേശം പൊതുജനങ്ങളില്‍  എത്തിക്കുകയുമാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ വീടുകളില്‍ ഇത് നടപ്പിലാക്കുന്നത്.