വീടുകളില്‍ കോവിഡ് ചികിത്സ; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

post

ആലപ്പുഴ: കോവിഡ് രോഗബാധിതരില്‍ വീടുകളില്‍ ചികിത്സ സ്വീകരിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബദ്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റുമാരുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും കോവിഡ് പോസിറ്റീവ് ആയവരുമായ ആളുകളില്‍ സ്വയം തയ്യാറായി മുന്നോട്ട് വരുന്നവര്‍ക്ക് മാത്രം സ്വന്തം ഭവനങ്ങളില്‍ ചികിത്സ സ്വീകരിക്കാം. ചികിത്സ തേടുന്നതിന് മുമ്പായി താമസ സ്ഥലത്തെ മെഡിക്കല്‍ ഓഫീസറുടെ അനുമതി നിര്‍ബന്ധമായും വാങ്ങണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും രോഗിയുടെ വീട്ടിനുള്ളില്‍ ചികിത്സക്കായി ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ ഭവനങ്ങളില്‍ ചികിത്സയ്ക്ക് അനുമതി നല്‍കാവു എന്ന് നിര്‍ദേശം നല്കി. ഗര്‍ഭണികള്‍, നവജാതശിശുവും അമ്മയും മാരകമായ രോഗങ്ങള്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, 12 വയസിനു താഴെയും അറുപത് വയസിനു മുകളിലും പ്രായമുള്ളവര്‍, മാനസികവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഭവനങ്ങളില്‍ കോവിഡ് 19 ചികിത്സ അനുവദനീയമല്ല.

12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കുടെയോ, മറ്റൊരു വ്യക്തിയുടെ കൂടെയോ ഒരുമിച്ച് ഭവനങ്ങളില്‍ ചികിത്സ അനുവദനീയമാണ്.ഈ സാഹചര്യത്തില്‍ പരിചരണത്തിനായി മൂന്നാമതൊരാളുടെ സേവനം ലഭ്യമാക്കണം. രോഗിയുടെ കുടുംബത്തിന് മതിയായ സാമൂഹിക പിന്തുണ ലഭിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/പൊലിസ് ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അടിയന്തിര സാഹചര്യത്തില്‍ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുവാന്‍ വാഹന (ആംബുലന്‍സ്) ഗതാഗതം സാധ്യമാകുന്ന റോഡ് ഉണ്ടായിരിക്കണം.വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍, ലാന്‍ഡ് ഫോണ്‍ സംവിധാനം ഉണ്ടായിരിക്കണം. റൂ ഐസോലേഷന് വേണ്ടി മാറ്റിവെച്ച മുറിക്കുള്ളില്‍ ശരിയായ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പു വരുത്തണം. റൂമിനോട് ചേര്‍ന്ന് ടോയ്‌ലറ്റ് സംവിധാനം ഉണ്ടായിരിക്കണം. രോഗിയുടെ വീട്ടില്‍ അപകട സാധ്യത കൂടിയ അവസ്ഥയിലുള്ള മറ്റ് രോഗികള്‍/ വയോജനങ്ങള്‍ എന്നിവര്‍ ഇല്ലാതിരിക്കുന്നതാണ് അഭികാമ്യം. ഈ വിഭാഗത്തിലുള്ളവര്‍ വീട്ടില്‍ തന്നെ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകമായ താമസ സൗകര്യങ്ങള്‍ അതത് വീട്ടില്‍ തന്നെ ഉണ്ടായിരിക്കണം. കഴിയുന്നിടത്തോളം അത്തരം ആള്‍ക്കാരെ കോവിഡ് രോഗബാധിതര്‍ കഴിയുന്ന വീട്ടില്‍ നിന്ന് മാറ്റി താമസിപ്പിക്കണം.

രോഗി പരിചരണത്തിന് നിയോഗിക്കപ്പെട്ട വ്യക്തി സമ്പര്‍ക്ക നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ട്രിപ്പിള്‍ ലെയര്‍ മാസ്‌കും ഗ്ലാസും രോഗിയുമായി സാമൂഹിക അകലവും പാലിക്കേണ്ടതാണ്. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തി എന്തെങ്കിലും രോഗലക്ഷണം പ്രകടമാക്കുന്ന സാഹചര്യത്തില്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ട് വ്യക്തിയെ സി.എഫ്.എല്‍.ടി.സി/ആശുപത്രിയിലേക്കോ തുടര്‍ചികിത്സയ്ക്കായി രോഗിയെ മാറ്റേണ്ടതാണ്. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ആയിരിക്കണം രോഗിയെ കൊണ്ടുപോകേണ്ടത്.

നിലവിലുള്ള ഡിസ്ചാര്‍ജ് മാര്‍ഗ്ഗരേഖ തന്നെയാണ് വീട്ടില്‍ ചികിത്സ എടുക്കുന്ന രോഗിക്കും ബാധകമാവുക. ആദ്യമായി പോസിറ്റീവ് റിസള്‍ട്ട് വന്ന ശേഷം 10 ദിവസം കഴിയുമ്പോള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വീണ്ടും സ്രവപരിശോധന നടത്തും.

പഞ്ചായത്തിലെ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനായി പഞ്ചായത്ത് പ്രതിനിധികള്‍, ജാഗ്രത സമിതി കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കേണ്ടതാണ്. ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പുറമെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഓരോ ആംബുലന്‍സ് വീതം നല്‍കാന്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ സ്രവ പരിശോധനയ്ക്കായി കൊണ്ട് പോകുന്നതിനായി ക്യാബിന്‍ തിരിച്ച ഓട്ടോറിക്ഷകള്‍ സജ്ജീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിത കുമാരി, ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.