നാടിന്റെ വികസനം ഉല്‍പ്പാദന കാര്‍ഷികമാലിന്യ സംസ്‌ക്കരണ മേഖലകളിലെ വളര്‍ച്ചയില്‍: മന്ത്രി എ. സി മൊയ്തീന്‍

post

തൃശൂര്‍ : നാടിന്റെ വികസനം പ്രാദേശിക തലത്തിലുള്ള ഉല്‍പ്പാദന, കാര്‍ഷിക, മാലിന്യ സംസ്‌ക്കരണ മേഖലകളുടെ വളര്‍ച്ചയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. സ്ത്രീകള്‍ക്ക് വേണ്ടി ആരംഭിച്ച ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖരമാലിന്യ സംസ്‌ക്കരണത്തിന് വേണ്ടി ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഖരമാലിന്യ സംസ്‌ക്കരണ പദ്ധതിയില്‍ ചാവക്കാട് നഗരസഭയ്ക്ക് 5.8 കോടിയും ഗുരുവായൂരിന് 10.4 കോടിയും വകയിരുത്തിയതായി മന്ത്രി അറിയിച്ചു. ഗുരുവായൂര്‍ മേല്‍പ്പാലം ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പ്രഖ്യാപിച്ചു.

ഷീ സ്റ്റേയും ഷോപ്പിംഗ് കോംപ്ലക്‌സും അടങ്ങിയ ബാലാമണിയമ്മ വനിതാ മന്ദിരം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നാടിന് സമര്‍പ്പിച്ചത്. സ്ത്രീ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് വനിതാ മന്ദിരം ആരംഭിച്ചതിന് ചാവക്കാട് നഗരസഭ കൗണ്‍സിലിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

സമൂഹത്തിലെ എല്ലാ തുറകളിലും സ്ത്രീസാന്നിധ്യം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ജോലി, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് യാത്രകള്‍ അനിവാര്യമാണ്. അത്തരം സ്ത്രീ യാത്രികര്‍ക്ക് വേണ്ടി സുരക്ഷിതമായ വിശ്രമ കേന്ദ്രം ഒരുക്കുന്നതിനും സ്ത്രീശാക്തീകരണത്തിനുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിനും വേണ്ടിയുള്ള ചാവക്കാടിന്റെ സ്വപ്ന പദ്ധതിയാണ് മുതുവട്ടൂരിലെ ഷീ സ്റ്റേ കെട്ടിടം. മലയാളത്തിന്റെ അമ്മയും കവയത്രിയുമായി അറിയപ്പെടുന്ന നാലപ്പാട്ട് ബാലാമണിയമ്മയോടുള്ള ആദരസൂചകമായാണ് കെട്ടിടത്തിന് 'നാലപ്പാട്ട് ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരം' എന്ന് നാമകരണം ചെയ്തത്.

ചാവക്കാട് നഗരസഭ 2018-19, 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.6 കോടി ചെലവിട്ടാണ് വനിതാ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. മൂന്ന് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ ആദ്യ രണ്ട് നിലകളിലായി 21 മുറികള്‍ വനിതകള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഷോപ്പിംഗ് കോംപ്ലക്‌സാണ്. മൂന്നാം നിലയില്‍ വനിതകള്‍ക്ക് താമസിക്കുന്നതിന് അടുക്കളയും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള 6 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് താമസിക്കാം. സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള എസ് സി വിഭാഗത്തില്‍പ്പെട്ട വനിതാ സംരംഭകര്‍ക്ക് വേണ്ടി രണ്ടു മുറിയും ഭിന്നശേഷിയുള്ളവര്‍ക്ക് ഒരു മുറിയും സംവരണം ചെയ്തിട്ടുണ്ട്. ഒരു വനിതയെ കൊണ്ട് തറക്കല്ലിട്ടാണ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്.

ചടങ്ങില്‍ കെ. വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. മന്ദിരത്തിന്റെ ശിലാഫലകം എംഎല്‍എ അനാച്ഛാദനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍. കെ അക്ബര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ശാന്താ സുബ്രഹ്മണ്യന്‍, ബേബി ഫ്രാന്‍സിസ്, പ്രീജ ദേവദാസ്, നഗരസഭാ സെക്രട്ടറി കെ. ബി വിശ്വനാഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.