പഞ്ചായത്ത് ഷോപ്പിങ് സെന്ററില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു

post

തൃശൂര്‍ : വലപ്പാട് ഗ്രാമപഞ്ചായത്ത് ഹാളും അനുബന്ധ സ്ഥാപനങ്ങളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കും. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സോളാര്‍ പാനലിന്റെയും ഗ്രാമ പഞ്ചായത്ത് വലപ്പാട് ചന്തപ്പടിയിലെ സ്റ്റേജിന് മുന്നിലെ പന്തലിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബീന അജയ് ഘോഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ഷജിത്ത്, പഞ്ചായത്തംഗങ്ങളായ സി കെ കുട്ടന്‍, സി.ആര്‍ ഷൈന്‍, പി.ബി കണ്ണന്‍, ബേബി രാജന്‍, സെക്രട്ടറി ജോയ്‌സി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

15 ലക്ഷം ചെലവിട്ട് സോളാര്‍ പാനലിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്‌സിലെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും കെ.സി വാസു സ്മാരക ഹാളിലേക്കും കൊടുത്ത് ബാക്കി വരുന്നത് കെ.എസ്ഇബിയിലെ ഗ്രിഡ് പദ്ധതിയിലേക്ക് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രണ്ടാം ഘട്ട പദ്ധതിയില്‍ പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട വീടുകളിലേക്ക് സബ്‌സിഡിയോടു കൂടി സോളാര്‍ വൈദ്യുതി സ്ഥാപിക്കുന്നതിനും കൂടുതല്‍ വരുന്ന വൈദ്യുതി പഞ്ചായത്ത് ഏറ്റെടുത്ത് കെ എസ് ഇ.ബിയിലേക്ക് നല്‍കുന്ന പ്രവര്‍ത്തനവുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതാടൊപ്പം കഴിമ്പ്രം വിജയന്‍ സ്മാരക ഓപ്പണ്‍ സ്റ്റേജിന് മുന്നില്‍ സ്ഥിരമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി ട്രസ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവും നടത്തി.