പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ മഞ്ചാടിക്കുടാരം തുറന്നു

post

തിരുവനന്തപുരം : സാമൂഹ്യഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കുടാരത്തിന് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തില്‍  തുടക്കമായി.  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളിനോട് ചേര്‍ന്നാണ് മഞ്ചാടിക്കുടാരം  പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ആയിരുന്നു ഉദ്ഘാടന ചടങ്ങ് . 

കെ.ഡിസ്‌ക്ക് (കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗണിത പ്രോജക്ടാണ് മഞ്ചാടിക്കുടാരം. എട്ടു വയസ് മുതല്‍ 12 വയസ് വരെ പ്രായമുള്ള 50 കുട്ടികളെ കണ്ടെത്തി അവരില്‍ ഗണിതാശയങ്ങള്‍ കളികളിലൂടെയും ശിശുകേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെയും ഉറപ്പിക്കുന്ന ഈ പദ്ധതിവഴി കുട്ടികളുടെ വ്യക്തിത്വ വികസനവും ലക്ഷ്യം വയ്ക്കുന്നു.

സംസ്ഥാനത്ത് എല്ലാം ജില്ലകളിലും ഓരോ കേന്ദ്രങ്ങളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നടത്തിപ്പ്. ജില്ലയില്‍ പഴയ കുന്നുമേല്‍ ഗ്രാമപഞ്ചായത്തിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.  

പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിതാക്കള്‍ ആയി എത്തുക. സ്‌കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരം ഒന്നര മണിക്കൂറാണ് കുട്ടികള്‍ മഞ്ചാടിക്കൂടാരത്തില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. പ്രത്യേക പരിശീലനം ലഭിച്ച 14 അംഗസംഘമാണ് കൂടാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുക. നിലവില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

 ബി. സത്യന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് സി. ലാലി, വൈസ് പ്രസിഡണ്ട് കെ. രാജേന്ദ്രന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ധരളിക, മഞ്ചാടിക്കുടാരം  പ്രൊജക്റ്റ് കോഡിനേറ്റര്‍ ആര്‍. അശോകന്‍,  ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.