പ്ലാസ്റ്റിക് നിരോധനം: തുണി സഞ്ചിയൊരുക്കാന്‍ വിദ്യാര്‍ത്ഥികളും

post

വയനാട്: പരിസ്ഥിതി സൗഹാര്‍ദ സഞ്ചികളൊരുക്കി പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍. ഒറ്റ തവണ ഉപയോഗമുളള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനത്തെ തുടര്‍ന്ന് ബദല്‍ സംവിധാനമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയത്. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍  നിര്‍മ്മിക്കുന്ന തുണി സഞ്ചികളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 400 കുടുംബങ്ങളിലേയ്ക്കാണ് തുണി സഞ്ചി നിര്‍മ്മിച്ച് നല്‍കുന്നത്. ശുചിത്വ മിഷനുമായി ചേര്‍ന്ന് പദ്ധതികള്‍ കൂടുതല്‍  ഊര്‍ജ്ജിതമാക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ താജ് മന്‍സൂര്‍ പറഞ്ഞു. എന്‍.എസ്.എസിന്റെ ദത്ത് ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചി നല്‍കും. എന്‍.എസ്.എസ് ഓഫീസര്‍ ഇസ്മയില്‍ തോട്ടോളി, എന്‍.എസ്.എസ് വാളണ്ടിയേഴ്‌സ് മുഹമ്മദ് അഭിനാസ്, അപര്‍ണ വിനോദ്, കെ.മംഷിദ എന്നിവരും പങ്കെടുത്തു.