സംസ്ഥാനത്ത് ആകെ 34 പേര്‍ക്ക് ഷിഗെല്ല; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ആകെ 34 പേര്‍ക്ക് ജൂണ്‍ മാസത്തില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. തിരുവനന്തപുരം-6, കൊല്ലം -1, ആലപ്പുഴ -3, ഇടുക്കി-1, മലപ്പുറം -2, കോഴിക്കോട്-11, വയനാട്-8, കണ്ണൂര്‍-2 എന്നിങ്ങനെയാണ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. 2026 ജനുവരി മുതല്‍ സംസ്ഥാനത്ത് 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വയനാട്ടില്‍ നിലവില്‍ 45 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജനുവരി മാസം തിരുവനന്തപുരത്തും, മാര്‍ച്ച് മാസം കോഴിക്കോട് രണ്ടിടങ്ങളിലും മെയ്മാസം കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലും വയനാട് നില്‍വിലെതുമുള്‍പ്പെടെ 2026ല്‍ ആറു ഷിഗെല്ല പകര്‍ച്ചവ്യാധി ഔട്ട്‌ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങളും ജലജന്യരോഗങ്ങളും തടയാന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം കൂടുതല്‍ പരിശോധനകള്‍ നടത്തും. വൃത്തിഹീനമായ ഭക്ഷണശാലകള്‍ അടച്ചുപൂട്ടും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, തദ്ദേശ ആരോഗ്യ വിഭാഗങ്ങള്‍ എന്നിവയുടെ സഹകരണവും ഉറപ്പുവരുത്തും.
ഷിഗെല്ല - ശ്രദ്ധിക്കേണ്ടത്
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഷിഗെല്ലയും ജലജന്യ രോഗങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇവ കൂടുതൽ ആളുകൾക്ക് ബാധിച്ചേക്കാം.
രോഗ ലക്ഷണങ്ങളുള്ളവർ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തണം. കുട്ടികളിലും വയോജനങ്ങളിലും നിർജ്ജലീകരണം അപകടസാധ്യത കൂട്ടും.
എന്താണ് ഷിഗെല്ല രോഗം?
ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം,ഛർദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളെരെ പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ പ്രേത്യേക ജാഗ്രത വേണം.
ലക്ഷണങ്ങൾ
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമായേക്കാം.
* കടുത്ത പനിയോടുകൂടിയ വയറിളക്കം.
* മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക.
* കടുത്ത വയറുവേദന, വയറ്റിൽ കോച്ചിപ്പിടിത്തം, ഓക്കാനം, ഛർദി, കടുത്ത ക്ഷീണം, ശരീരവേദന.
* കൂടെക്കൂടെ മലമൂത്രവിസർജ്ജനം നടത്തണമെന്ന തോന്നൽ.
പകരുന്ന വിധങ്ങൾ
* രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തിലത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ.
* വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും.
* ഈച്ചകൾ വഴി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുൻപും മലവിസർജ്ജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
* ആഹാരം മൂടി വെക്കുക. പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണം ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കുക.
* ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
* തിളപ്പിച്ച വെള്ളത്തിന്റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേർത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയിൽ തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതൽ അപകടകരമാണ്.
* രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക.
* രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം കുറയ്ക്കുക. രോഗിക്ക് പ്രത്യേക ശൗചാലയം നൽകുക.
* രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പർക്കം പുലർത്താതിരിക്കുക.
* ഡയപ്പറുകൾ സുരക്ഷിതമായി കളയുക, പരിസര ശുചിത്വം പാലിക്കുക.
* തുറസ്സായ സ്ഥലങ്ങളിൽ വിസർജ്ജിക്കാതിരിക്കുക








