മഴക്കാലം: രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാം; ആരോഗ്യ വകുപ്പിന്റെ മുന്നൊരുക്ക നിർദ്ദേശങ്ങൾ

post

സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മലിനജലത്തിലൂടെ പകരുന്ന ഇതര രോഗങ്ങൾ എന്നിവ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ 'പ്രതിരോധം നമ്മുടെ കൈകളിൽ' എന്ന സന്ദേശം ഉൾക്കൊണ്ട് ഓരോരുത്തരും മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്.


1. കൊതുക്ജന്യരോ​ഗങ്ങൾ തടയാം (ഡെങ്കിപ്പനി, ചിക്കുൻഗുനിയ പ്രതിരോധം)

ഉറവിട നശീകരണം: വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കുക. തോട്ടങ്ങൾ, ടെറസ്, സൺഷെയ്ഡുകൾ എന്നിവടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.


ഡ്രൈ ഡേ ആചരണം: ആഴ്ചയിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും നിർബന്ധമായും 'ഡ്രൈ ഡേ' ആചരിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം.


അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകൾ, ചിരട്ടകൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.


2. എലിപ്പനിക്കെതിരെ അതീവ ജാഗ്രത

ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്ന്: മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരും (തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, ശുചീകരണ തൊഴിലാളികൾ) പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ളവരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കൃത്യമായ അളവിൽ കഴിക്കേണ്ടതാണ്.


കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക. അനിവാര്യമായ സാഹചര്യങ്ങളിൽ ഗംബൂട്ട്, ഗ്ലൗസ് എന്നിവ ധരിക്കുക.


കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


3. ജലജന്യ രോഗങ്ങളെ ചെറുക്കാം

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം: കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.


കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കണം.


ആഹാരസാധനങ്ങൾ എപ്പോഴും അടച്ചുവെക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കരുത്.


വ്യക്തിശുചിത്വവും പരിസരശുചിത്വവും കർശനമായി പാലിക്കുക.


4. സ്വയം ചികിത്സ അരുത്

പനി, തലവേദന, കണ്ണ് ചുവക്കൽ, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കോവിഡോ ഡെങ്കിയോ എലിപ്പനിയോ ആകാൻ സാധ്യതയുള്ളതിനാൽ ഒട്ടും വൈകാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.


യാതൊരു കാരണവശാലും സ്വയം ചികിത്സയോ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് മരുന്ന് വാങ്ങി കഴിക്കുന്ന രീതിയോ പാടില്ല.


ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും സഹായങ്ങൾക്കുമായി ആരോഗ്യ വകുപ്പിന്റെ ദിശ (DISHA) ഹെൽപ്പ് ലൈൻ നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.


ഹെൽപ്പ് ലൈൻ നമ്പറുകൾ: 1056, 104, 0471-2552056. ഔദ്യോഗിക വെബ്സൈറ്റ്: health.kerala.gov.in