സൗജന്യ ഓണക്കിറ്റ്; സംസ്ഥാനതല ഉദ്ഘാടനം നടന്നു

post

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കോവിഡ്കാല പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷയൊരുക്കിയ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി പി. തിലോത്തമൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് സഹകരണ-ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓണത്തോടനുബന്ധിച്ചു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി വരുത്തിവെച്ച കഷ്ടതയിൽപെട്ട് സംസ്ഥാനത്തെ ഒരാളുപോലും പട്ടിണിയിലാകരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഓണകിറ്റ് വിതരണംമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ എ.ആർ.ഡി. 32ൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ച് കിറ്റുകളുടെ ആദ്യ വിതരണം നിർവ്വഹിച്ചു. മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കാതെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന വകുപ്പ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

പതിനൊന്ന് ഇനങ്ങൾ ഉൾപ്പെട്ട അഞ്ഞൂറ് രൂപ വിലയുള്ള കിറ്റാണ് പദ്ധതി പ്രകാരം പൊതുവിതരണ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക്  ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ അന്ത്യോദയ കാർഡുടമകൾക്കാണ് കിറ്റ് ലഭിക്കുക. ഓഗസ്റ്റ് 27 ന് മുൻപ് മറ്റ് വിഭാഗങ്ങൾക്കും കിറ്റ് ലഭ്യമാക്കും.

വി. കെ. പ്രശാന്ത് എം.എൽ.എ. മുഖ്യ അതിഥിയായ ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വാർഡ് കൗൺസിലർ കാഞ്ഞിരംപാറ രവി, ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, ഭക്ഷ്യവകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ റാണി തുടങ്ങിയവരും പങ്കെടുത്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി  പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.