കാലവര്‍ഷം; ജില്ലയില്‍ 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടം; ദുരിതാശ്വാസ ക്യാമ്പുകള്‍ കുറഞ്ഞു

post

കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം. ഓഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയില്‍ 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവര്‍ഷം കൂടുതലായി ബാധിച്ചത്. കുലച്ച 66,347 വാഴകളും 44,688 സാധാരണ വാഴകളും നശിച്ചു. ടാപ്പിങ് നടത്തുന്ന 3,394 റബ്ബര്‍ മരങ്ങളും അല്ലാത്ത 1,502 എണ്ണവും അടക്കയുള്ള 3,974 കവുങ്ങുകളും ഇല്ലാത്ത 1,385 എണ്ണവും കാലവര്‍ഷത്തില്‍ നശിച്ചു. തെങ്ങ്, ഇഞ്ചി, മഞ്ഞള്‍, റബ്ബര്‍, കുരുമുളക്, കപ്പ എന്നിവയെയും കാലവര്‍ഷം ബാധിച്ചു. ജില്ലയിലെ 8,965 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്

കാലവര്‍ഷത്തിന് നേരിയ ശമനമുണ്ടായതോടെ ജില്ലയില്‍ ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു. നാലു താലൂക്കുകളിലായുള്ള 7 ദുതിതാശ്വാസ ക്യാമ്പുകളിലായി 62 പേരാണുള്ളത്. കൊയിലാണ്ടി താലൂക്കില്‍ നിലവില്‍ ഒരു ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. ഇതുവരെ മഴയെത്തുടര്‍ന്ന്  കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിലായി 90 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ കെ. ഗോകുല്‍ ദാസ് അറിയിച്ചു.

കോഴിക്കോട് താലൂക്കില്‍ രണ്ട് വില്ലേജുകളിലായി രണ്ടു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 19 പേരാണ് ആകെ ക്യാമ്പുകളിലുള്ളത്. മാവൂര്‍ വില്ലേജിലെ ജിഎംയുപി സ്‌കൂളില്‍ ആറ് കുടുംബത്തിലെ 13 പേരും കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ ആറു പേരുമാണ് താമസിക്കുന്നത്.

താമരശേരി താലൂക്കില്‍ ഒരു ക്യാമ്പ് മാത്രമാണുള്ളത്. തിരുവമ്പാടി വില്ലേജിലെ സെന്റ് സെബാസ്റ്റ്യന്‍ എല്‍പിഎസ് മുത്തപ്പന്‍പുഴയിലെ ഈ ക്യാമ്പില്‍ 8 കുടുബങ്ങളിലെ 16 പേരാണുള്ളത്. ശക്തമായ മഴയില്‍ പൂത്തൂര്‍ വില്ലേജില്‍ കോരന്‍ചോലമ്മല്‍ ശിവദാസന്റെ വീട് തകര്‍ന്നു. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇതോടെ കാലവര്‍ഷത്തില്‍ താലൂക്കില്‍ 19 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീടുകള്‍ തകര്‍ന്നതിലൂടെ 16.25 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.

വടകര താലൂക്കില്‍ നിലവില്‍ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. ഒഞ്ചിയം വില്ലേജിലെ വാര്‍ഡ് ആറ് അങ്കണവാടി, ചെക്യോട് വില്ലേജിലെ കണ്ടിവാതുക്കല്‍ അങ്കണവാടി, വില്ല്യാപ്പള്ളി എംജെവിഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത.് ആകെ 9 കുടുംബങ്ങളില്‍ നിന്നായി 21 പേര്‍ ക്യാമ്പുകളിലുണ്ട്.