കുട്ടനാട്ടിലെ ബണ്ടുകള്‍ ബലപ്പെടുത്താന്‍ ഇറിഗേഷന്‍ വകുപ്പ് മണ്ണ് കൃഷി വകുപ്പിന് കൈമാറും

post

ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അനിവാര്യമായ ഭാഗങ്ങളില്‍ പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തി കൃഷി സംരക്ഷിക്കുന്നതിന് മണ്ണ് കൃഷി വകുപ്പിന് വിട്ടുനല്‍കാന്‍ തീരുമാനമായി. കനാല്‍ നവീകരണം വഴി ലഭിച്ച മണ്ണും ചെളിയും നിലവില്‍ കോമളപുരത്ത് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ അത്രയും ഇറിഗേഷന്‍ വകുപ്പ് കൃഷിവകുപ്പിന് കൈമാറും. ഇതിനായി മണ്ണ് ആവശ്യപ്പെട്ടുകൊണ്ട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കാന്‍ ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബണ്ട് ബലപ്പെടുത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും ആയിരിക്കും ഈ മണ്ണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കൃഷിവകുപ്പിനാണ്. മണ്ണിന്‍രെ ഉപയോഗം സംബന്ധിച്ച് കൃത്യത വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 50 ലോഡ് മണ്ണ് ഇത്തരത്തില്‍ ഇറിഗേഷന്‍ വകുപ്പ് കൃഷി വകുപ്പിന് നല്‍കും. പാടശേഖരങ്ങളില്‍ നിന്നുള്ള ആവശ്യമനുസരിച്ച് കൃഷി വകുപ്പ് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് മണ്ണ് ലഭ്യമാക്കി നല്‍കു. ചാക്കില്‍ മണല്‍ നിറച്ച് ബണ്ട് ബലപ്പെടുത്തുന്നതിനുവേണ്ടി വിവിധ പാടശേഖരങ്ങളിലെ നിന്ന് ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കളക്ടര്‍ യോഗം വിളിച്ചത്. നേരത്തെയും ഇറിഗേഷന്‍ വകുപ്പ് കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മണ്ണ് സംരക്ഷിക്കുന്നതിന് മണ്ണ് കൃഷി വകുപ്പിന് നല്‍കിയിരുന്നു. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേധാവികള്‍ പങ്കെടുത്തു.