ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈ ടെക് കെട്ടിടം ഒരുങ്ങുന്നു

post

പത്തനംതിട്ട: അത്യാധുനിക നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈ ടെക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ. നടത്തി. കിഫ്ബി പദ്ധതിയില്‍ 3.27 കോടി രൂപ മുതല്‍ മുടക്കില്‍ മൂന്ന് നിലകളായിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം. ജി. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ നീറംപ്ലാക്കല്‍, പഞ്ചായത്തംഗം പ്രസന്ന സുരേന്ദ്രന്‍, പൊതു വിദ്യാഭ്യാസ സംരംക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, പി.ടി.എ. പ്രസിഡന്റ് എം. വി. പ്രസന്നകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പുഷ്‌ക്കലകുമാരി, കെ. ബി. അനില്‍, സി. പി. സുനില്‍, പ്രമോദ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കിഫ്ബി പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല വാപ് കോസിനാണ്.

കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. ഒന്‍പതു മാസമാണ് കരാര്‍ കാലാവധി. മണ്ണ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ബീമുകളും പില്ലറുകളും സ്ഥാപിക്കാനുള്ള  പണികള്‍ പുരോഗമിക്കുകയാണ്. അക്കാഡമിക് ബ്ലോക്കിനായിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ നാല് ക്ലാസ് മുറികള്‍, അടുക്കള, ഡൈനിംങ് ഹാള്‍, സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ആറ് ക്ലാസ് മുറികളും ശുചിമുറികളുമാണുണ്ടാകുക. രണ്ടാം നിലയില്‍ നാല് ക്ലാസ് മുറികള്‍, ഒരു സ്റ്റാഫ് റും, ശുചിമുറികള്‍ എന്നിവയുണ്ട്. രണ്ടു വശത്തായുള്ള പടി കെട്ടുകള്‍, അംഗപരിമിതര്‍ക്കായുള്ള റാംമ്പ്, ശുചിമുറി  എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വലിയൊരു കുതിച്ചുചാട്ടമാണ് നടത്തുക.