സ്മാര്‍ട്ട് അങ്കണവാടി; പ്ലാനും എസ്റ്റിമേറ്റ് ബുക് ലെറ്റും വിതരണം ചെയ്തു

post

കാസര്‍കോട് : അങ്കണവാടി സംവിധാനങ്ങളെ ആധുനികവും കൂടുതല്‍ ശിശു സൗഹൃദവും ആക്കി തീര്‍ക്കാനുള്ള വനിതാ ശിശു വികസന വകുപ്പിന്റെ കൂടുതല്‍  സ്മാര്‍ട്ട് അങ്കണവാടികള്‍ ജില്ലയില്‍ വരുന്നു. വനിത ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് തയ്യാറാക്കിയ ആറ് വ്യത്യസ്ത പ്ലാനുകളും അവയുടെ എസ്റ്റിമേറ്റും അടങ്ങിയ ബുക്ലെറ്റ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം  ഓഫീസര്‍ കവിത റാണി രഞ്ജിത് കൈമാറി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു, ജില്ലാ ഐ.സി.ഡി.എസ് ഓഫീസ് മുഖേന ജില്ല, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും വിതരണം  ചെയ്തതു. ജില്ലയിലെ 12 അങ്കണവാടികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി  സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുവാനുള്ള പ്രൊപോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ലക്ഷ്യം വെച്ചുകൊണ്ട് ലഭ്യമാകുന്ന സ്മാര്‍ട്ട് അങ്കണവാടികള്‍ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ച് ആറ് വ്യത്യസ്ത പ്ലാനുകളും പ്രൈസ് സോഫ്റ്റ്വെയറില്‍ അവയുടെ എസ്റ്റിമേറ്റും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന  തരത്തിലുള്ള ഹാള്‍, പൂന്തോട്ടം തുടങ്ങിയ കുട്ടികളുടെ ശാരീരികവും മാനസികവുമായ എല്ലാ വിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് പുതിയ അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. 2020- 21 സാമ്പത്തികവര്‍ഷത്തില്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മാണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വകുപ്പില്‍ നിന്നും ഒരു നിശ്ചിത തുക അനുവദിക്കുന്ന വിഷയവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തി  വകുപ്പ് നല്‍കുന്ന തുകയും പഞ്ചായത്ത് തുകയും  നാട്ടില്‍ നിന്നും ലഭ്യമാകുന്ന ഡൊണേഷനുകളും ചേര്‍ത്ത് അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ ആക്കി നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍  ഉദ്ദേശിക്കുന്നത്.