ലൈഫ് മിഷന്‍ അപേക്ഷകള്‍ ഓഗസ്റ്റ് 14 വരെ സമര്‍പ്പിക്കാം

post

കൊല്ലം :സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ അപേക്ഷകള്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച്  ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ  സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന ലൈഫ് മിഷന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കാലതാമസം കൂടാതെ  അപേക്ഷകള്‍ സ്വീകരിക്കുവാന്‍ പഞ്ചായത്ത്-വാര്‍ഡ് തലങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സേവനം വിപുലപ്പെടുത്തണമെന്ന്   ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.

ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുക. അക്ഷയ-ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും  സ്വന്തമായും അപേക്ഷിക്കാം. 2020 ജൂണ്‍ 30 വരെ ലഭിച്ച റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും.

മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ് വേണുഗോപാല്‍, എന്‍ രവീന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ആസൂത്രണ-തദ്ദേശ സ്വയംഭരണ വകുപ്പ്  ഉദ്യോഗസ്ഥര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.