ആർദ്രകേരളം, കായകൽപ്പ് പുരസ്കാരങ്ങൾ വിതരണം ചെയ്തു
ആരോഗ്യ മേഖലയെ ആധുനികതയിലേക്ക് നയിച്ച കാലഘട്ടം: മന്ത്രി വീണാ ജോർജ്
900ലധികം സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്, ഇ ഓഫീസുകൾ: ആരോഗ്യ മേഖലയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ ലക്ഷ്യം
ആർദ്ര കേരളം പുരസ്‌കാരം മാനദണ്ഡങ്ങളിൽ പൊതുജനാരോഗ്യ നിയമവും
ഈ കാലഘട്ടത്തിൽ നടന്നത് സമാനതകളില്ലാത്ത വികസനം
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആർദ്രകേരളം, കായകൽപ്പ്, എം.ബി.എച്ച്.എഫ്.ഐ. അവാർഡ്, നഴ്സസ് അവാർഡ് എന്നീ പുരസ്‌കാരങ്ങളുടെ വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ആരോഗ്യ മേഖലയെ ആധുനികതയിലേക്ക് നയിച്ച കാലഘട്ടമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് ലോകോത്തരമായ പല സാങ്കേതിക സംവിധാനങ്ങളും കൊണ്ടു വന്നു. റോബോട്ടിക് സർജറി, ജി ഗെയ്റ്റർ, ബ്ലഡ് ബാങ്ക് ട്രീസബിലിറ്റി തുടങ്ങിയ സംവിധാനങ്ങൾ യാഥാർത്ഥ്യമാക്കി. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഫിസിയോതെറാപ്പി സജ്ജമാക്കി. ആരോഗ്യ മേഖലയിൽ സമ്പൂർണ ഡിജിറ്റലൈസേഷനാണ് ലക്ഷ്യമിടുന്നത്. അത് കണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇ ഓഫീസുകൾ സാധ്യമാക്കി. 900ൽ അധികം ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനമൊരുക്കിയതായും മന്ത്രി വ്യക്തമാക്കി. നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശിശുമരണ നിരക്ക് അമേരിക്കയേക്കാൾ കുറഞ്ഞ നിരക്കിൽ കൊണ്ടു വരാൻ സാധിച്ചു. ആരോഗ്യ മേഖലയിൽ കഴിഞ്ഞ ഒമ്പതര വർഷക്കാലം ഉണ്ടായ നേട്ടം സമാനതകളില്ലാത്തതാണ്. എല്ലാ ആശുപത്രികളേയും ജന സൗഹൃദവും രോഗീ സൗഹൃദവും ആക്കാനാണ് ലക്ഷ്യമിട്ടത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. 5,415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും 308 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിച്ചു. 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 740 കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിച്ചു. അടിസ്ഥാന സൗകര്യ വികസനം, ലാബ് സൗകര്യം, വൈകുന്നേരം വരെയുള്ള ഒപി എന്നിവ ഉറപ്പാക്കി. എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

അടുത്ത വർഷം മുതൽ ആർദ്ര കേരളം പുരസ്‌കാരത്തിന്റെ മാനദണ്ഡങ്ങളിൽ പൊതുജനാരോഗ്യ നിയമം കൂടി കൊണ്ടുവരും. തദ്ദേശ സ്ഥാപനങ്ങൾ മൈക്രോ പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഈ പ്രവർത്തനങ്ങളുടെ മികവ് കൂടി പുരസ്‌കാര മാനദണ്ഡങ്ങളിൽ ഉണ്ടാകും.
ലാബ് പരിശോധനയിൽ സർക്കാർ നിർണായക ഇടപെടൽ നടത്തുകയാണ്. സംസ്ഥാനത്ത് നിർണയ ഹബ് ആന്റ് സ്പോക്ക് മോഡൽ യാഥാർത്ഥ്യമാകുന്നു. 1,300 ലാബുകളെ ബന്ധിപ്പിച്ച് 131 ലാബ് പരിശോധനകൾ നടത്താനാകും. അർഹരായവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും പരിശോധനകൾ നടത്താൻ സാധിക്കും. ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലാബ് പരിശോധനാ രംഗത്ത് ഇത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും.
എ.എം.ആർ. പ്രതിരോധത്തിന് സംസ്ഥാനം മാതൃകാപരമായ പ്രവർത്തനം നടത്തി. രണ്ട് ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ടായി. 100 ആരോഗ്യ കേന്ദ്രങ്ങൾ കൂടി ആന്റിബയോട്ടിക് സ്മാർട്ട് ആകുകയാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയിലും പ്രതിരോധത്തിലും കേരളം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഐസിഎംആർ സഹകരണത്തോടെ പഠനങ്ങൾ തുടരുന്നു. പുരസ്‌കാരത്തിന് അർഹരായ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

തദ്ദേശ സ്ഥപനങ്ങൾ പൊതുജനാരോഗ്യ രംഗത്ത് വലിയ ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ആരോഗ്യ രംഗത്ത് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന പിന്തുണ ദൃശ്യമാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളിലും തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

2022-23, 2023-24 വർഷങ്ങളിലെ ആർദ്രകേരളം പുരസ്‌കാരം, 2022-2023, 2023-2024, 2024-2025 വർഷങ്ങളിലെ കായകൽപ്പ് പുരസ്‌കാരം, എം.ബി.എച്ച്.എഫ്.ഐ. അവാർഡ്, 2022-2023, 2023-2024 വർഷങ്ങളിലെ നഴ്സസ് അവാർഡ് എന്നിവയുടെ വിതരണം, നിർണയ ഹബ് ആന്റ് സ്പോക്ക് മോഡൽ സംസ്ഥാനതല ഉദ്ഘാടനം, പി.എച്ച്. ആപ്പ്, കാസ്പ് ഹെൽത്ത് മൊബൈൽ ആപ്പ് & വെബ് പോർട്ടൽ, ശ്രുതി തരംഗം പദ്ധതിയുടെ ലോഗോ- വെബ് പോർട്ടൽ പ്രകാശനം എന്നിവയും നടന്നു.
ആന്റണി രാജു എംഎൽഎ, ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷീബാ ജോർജ്, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അഫ്സാന പർവിൻ, എസ്.എച്ച്.എ. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പികെ രാജു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വിശ്വനാഥൻ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീന, ഐ.എസ്.എം. ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനോജ് എന്നിവർ പങ്കെടുത്തു.







