വേലൂരില്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ശിലാസ്ഥാപനം

post

തൃശൂര്‍ : ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 21 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉള്‍പ്പെടെ 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റീഹാബിലിറ്റേഷന്‍ സെന്ററില്‍ ക്ലാസ് മുറികള്‍, ഫിസിയോതെറാപ്പി മുറി, ഡൈനിങ് ഹാള്‍ എന്നിവയുണ്ടായിരിക്കും.

വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ഡോ. വിനീത്, പഞ്ചായത്ത് സെക്രട്ടറി അനിതാ രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.