സമ്പര്‍ക്കകേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ശക്തമാക്കും : മുഖ്യമന്ത്രി

post

തിരുവനന്തപുരം :  സമ്പര്‍ക്കം മുഖേനയുള്ള കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം. അതുപോലെത്തന്നെ പ്രധാനമാണ് പൊതുവിടങ്ങളിലെ മാസ്‌കിന്റെ  ഉപയോഗവും. രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാന്‍ മാസ്‌കുകള്‍ സഹായിക്കുന്നുണ്ട്. കോവിഡ് രോഗബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്‌കില്ലാതെ അടുത്തടുത്ത്  വരുന്ന സാഹചര്യത്തില്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍, രണ്ടാളുകളും മാസ്‌ക് ധരിച്ചു കൊണ്ടാണ് നില്‍ക്കുന്നതെങ്കില്‍ പകര്‍ച്ചയ്ക്കുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ മാസ്‌കുകള്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമായും എല്ലാവരും ധരിക്കണം.

പക്ഷേ, മാസ്‌ക് ധരിച്ചതുകൊണ്ട് എല്ലാമായി എന്നും കരുതരുത്. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ മാസ്‌ക് ധരിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. ശാരീരിക അകലം പാലിക്കുക, കൈകള്‍ നിരന്തരം വൃത്തിയാക്കുക, മാസ്‌ക് ധരിക്കുക എന്നീ മൂന്നു കാര്യങ്ങളും ഒരേ സമയം പാലിച്ചെങ്കില്‍ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കൂ. നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപനതോത് കുറയ്ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നതിനാലാണ്.

കോവിഡ്-19 വൈറസ് ബാധിതരില്‍ സിംഹഭാഗവും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങളില്ലാത്തവരില്‍ ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നത് ടെസ്റ്റിന്റെ ബലഹീനതയല്ല, മറിച്ച് ചെറിയ അണുബാധകള്‍ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്റെ കഴിവായി വേണം കണക്കാക്കാന്‍. ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പരക്കാം എന്നതും ഇത്തരത്തില്‍ രോഗം പകര്‍ന്നു കിട്ടുന്നവരില്‍ ഇത് ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കാം എന്നതും വസ്തുതയാണ്.

പ്രായേണ ആരോഗ്യമുള്ളവരിലൂടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കോവിഡ് സംസ്ഥാനത്താകമാനം പടര്‍ന്നു പിടിക്കുന്ന അവസ്ഥയുണ്ടായാല്‍ രോഗബാധ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ രോഗബാധ ചില പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്.

അതത് പ്രദേശങ്ങളിലെ രോഗബാധ കഴിയുന്നത്ര നേരത്തെ നിയന്ത്രിക്കുന്നതിനും മറ്റ് പ്രദേശങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനുമായാണ് ഇത് ചെയ്യുന്നത്. വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്നലെ സൂചിപ്പിച്ചത് പോലെ ഉചിതമായ ടെസ്റ്റിങ് രീതികളാണു ഇതിനായി ഉപയോഗിക്കുന്നത്. ഇതിനോട് എല്ലാവരും പൂര്‍ണമനസ്സോടെ സഹകരിക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസില്‍ നിന്നും സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നും ധാരാളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികള്‍ വര്‍ദ്ധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളില്‍ പൊലീസിന്റെ ജോലിഭാരം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഷ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാവും ഉചിതമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ യൂണിറ്റില്‍ നിന്ന് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊലീസിലെ സ്റ്റേറ്റ് വെല്‍ഫയര്‍ ഓഫീസറും എഡിജിപിയുമായ കെ പത്മകുമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാപകരണങ്ങള്‍ ലഭ്യമാക്കും. കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങള്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ സന്ദര്‍ശിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളം മഹാപ്രളയം നേരിട്ടപ്പോള്‍ എല്ലാം മറന്ന് സ്വയം നമ്മുടെ സൈന്യമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് മാധ്യമങ്ങളുടെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും കടമ എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അവര്‍ക്ക് നമ്മുടെ യോജിച്ച പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയും ചില കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നതു കണ്ടു. ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതിദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ അനുഭവമുള്ള നാടാണ് ഇത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാണ് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് ധരിക്കാത്ത 5274 സംഭവങ്ങള്‍ സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 14 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.