രോഗസാധ്യത കണ്ട് ടെസ്റ്റിംഗും ചികിത്സാ സൗകര്യവും വര്‍ധിപ്പിക്കും- മുഖ്യമന്ത്രി

post

*കെട്ടുറപ്പോടെ പ്രതിരോധമുയര്‍ത്തണം, പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തരുത്

തിരുവനന്തപുരം:  സമൂഹത്തില്‍ കൂടുതലാളുകള്‍ക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ ഓരോ കോവിഡ് ആശുപത്രികളൂമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമ ഘട്ട ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സാ ഉറപ്പാക്കാന്‍ എ, ബി, സി എന്നിങ്ങനെ പ്ലാനുകളും തയ്യാറാക്കി.

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ഏതാണ്ടെല്ലാം തന്നെ കോവിഡ് മഹാമാരിയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി കഴിഞ്ഞു. ഇവിടങ്ങളിലൊക്കെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ആദ്യം ഒരു ക്ളസ്റ്റര്‍ രൂപം കൊള്ളുകയും അതില്‍നിന്നും തുടര്‍ന്ന് മള്‍ട്ടിപ്പിള്‍ കല്‍സ്റ്ററുകള്‍ ഉണ്ടാവുകയും വലിയ വ്യാപനത്തിലേക്കെത്തുകയുമാണ് ചെയ്തത്. സമാനമായ ഒരു സാഹചര്യമാണ് സൂപ്പര്‍ സ്പ്രെഡ്. വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കരുതുന്നതിലും വേഗത്തില്‍ രോഗം പടര്‍ന്നുപിടിച്ചേക്കാം. ജനസാന്ദ്രത കൂടിയ കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇതു ഒട്ടാകെ വ്യാപിക്കാന്‍ അധിക കാലതാമസം വേണ്ടിവരില്ല. ഒരു വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ട സമയമാണിത്.

രോഗം ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയര്‍ത്താന്‍ നമ്മള്‍ തയ്യാറാകണം. പകരം ആ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

രോഗവ്യാപനത്തിന്റെ അവസ്ഥ അത്യന്തം ഗുരുതരമായി മാറിയ ഘട്ടത്തിലാണ് അപകടകരമായ ചില പ്രവണതകള്‍ ഉണ്ടാകുന്നത്. കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അട്ടിമറിക്കുന്നതിനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ  മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. വെള്ളിയാഴ്ച മാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി കല്‍സ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി കല്‍സ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാര്‍ഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ കല്‍സ്റ്റര്‍ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.  

അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കിയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കകത്ത് കല്‍സ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ വിശദ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച്  ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം.

അതിനായി സന്നദ്ധ വളണ്ടിയര്‍മാരെയും ഉപയോഗിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ല. അതുപോലെത്തന്നെ സാനിറ്റൈസറുകളും മാസ്‌കുകളും ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഈ കാര്യങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. കല്‍സ്റ്റര്‍ മാനേജ്മെന്റ് ഫലപ്രദമായി നടപ്പിലാക്കേണ്ടത് സാമൂഹ്യവ്യാപനം തടയാന്‍ ആവശ്യമാണെന്ന് ഓരോരുത്തരും ഓര്‍ക്കണം.  

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്‍ഡക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്നും മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.

ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ അടുത്തിടപഴകിയ 13 പേര്‍ക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.

ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ 'പരിരക്ഷ' എന്ന പേരില്‍ റിവേഴ്സ് ക്വാറന്റൈന്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈന്‍മെന്റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.

ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുമ്പോഴാണ് തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ക്ക് മറ്റു മാനങ്ങള്‍ നല്‍കരുത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും.

ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. ടെസ്റ്റ് ഏകോപനത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സംസ്ഥാന-ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തില്‍ റോഡല്‍ ഓഫീസറെ നിയമിക്കും. റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാന്‍ നടപടിയെടുക്കും.

ഇതുവരെ 5,31,330 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 3,33,304 പേര്‍ തിരിച്ചെത്തി. 1,98,026 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ എത്തുന്നത് അവരെ ക്വാറന്റൈന്‍ ചെയ്യാനും മറ്റും തടസ്സമാകുന്നുണ്ട്. അതുകൊണ്ടാണ് രജിസ്ട്രേഷന് നിര്‍ബന്ധിക്കുന്നത്.

അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കുന്നുണ്ട്. തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാര്‍ഡ്തല സമിതികള്‍ക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകും.

ആരോഗ്യപ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുകയാണ്. അതിനിടെ പലര്‍ക്കും രോഗബാധയുണ്ടാകുന്നു. പൊലീസിന്റെയും സന്നദ്ധ വളണ്ടിയര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്. അവര്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള ഉത്തരവാദിത്വം സമൂഹമാകെ ഏറ്റെടുക്കണം. സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതെ കര്‍മനിരതരായ അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.