വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കിറ്റ് ജില്ലയില്‍ വിതരണം ചെയ്യുന്നത് 85,772 കിറ്റുകള്‍

post

വയനാട് :  സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍  ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. ജില്ലയിലെ 85,772 വിദ്യാര്‍ത്ഥികള്‍ക്കാണ് സപ്ലൈകോ വഴി കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 

    പ്രീ പ്രൈമറി മുതല്‍ ഏട്ടാം ക്ലാസ് വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് ലഭിക്കുക. ഏപ്രില്‍,മേയ് മാസങ്ങളിലെ അവധി ദിവസങ്ങള്‍ ഒഴിവാക്കിയുളള ദിവസങ്ങളില്‍ നല്‍കേണ്ടിയിരുന്ന ഭക്ഷ്യധാന്യവും പാചകവാതക ചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് നല്‍കുന്നത്. പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 1.2 കിലോഗ്രാം അരിയും പ്രൈമറി വിഭാഗത്തിന് നാല് കിലോ അരിയും അപ്പര്‍ പ്രൈമറി വിഭാഗത്തിന് ആറ് കിലോ അരിയും ലഭിക്കും. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട,ഉപ്പ് തുടങ്ങിയ ഒമ്പത് ഇനങ്ങള്‍ അടങ്ങിയതാണ്  പലവ്യഞ്ജനങ്ങള്‍.

   എടയൂര്‍ക്കുന്ന്  ഗവ. എല്‍.പി. സ്‌ക്കൂളില്‍ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ  മദര്‍ പി.ടി.എ പ്രസിഡന്റ് സുജ കുമാറിന് നല്‍കി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ സാലി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എ.അബ്ദുള്‍ റസാഖ്, പി.ടി.എ എക്സിക്യുട്ടീവ് അംഗം കെ.രതീഷ്, അധ്യാപകരായ ടി.മധു, എ.ബി സിനി, ബിജി പോള്‍, നിഷ പോള്‍, സൂര്യ സുരേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി എന്‍.രേഖ തുടങ്ങിയവര്‍ സംസാരിച്ചു.

  സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഗവ.ഹൈസ്‌കൂളില്‍ നടന്ന കിറ്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍, എ.ഇ.ഒ കെ.കെ സനല്‍ കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് കെ.പി സാബു, നൂണ്‍മീല്‍ ഓഫീസര്‍ ദിലീപ്, സപ്ലൈകോ മാനേജര്‍ ഷൈന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.