റെയില്‍വേ സുരക്ഷ : ഫയര്‍ഫോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മോക്ക്ഡ്രില്‍ നടന്നു

post

പാലക്കാട് : ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കുമ്പോഴാണ് പോലീസും ഫയര്‍ഫോഴ്‌സുമെല്ലാം പാഞ്ഞു വരുന്നത് കണ്ടത്. ട്രെയിനിനകത്തു നിന്നും യാത്രക്കാര്‍ ഇറങ്ങിയോടുന്നു, ചിലര്‍ ബോധം കെട്ടു വീഴുകയും ചിലര്‍ പുക ശ്വസിച്ച് ചുമക്കുകയും ചെയ്യുന്നു, ട്രെയിനിനകത്തു നിന്നും ശ്വാസം മുട്ടലനുഭവപ്പെട്ട രണ്ടു പേരെ സ്‌ട്രെച്ചറും വീല്‍ചെയറുമുപയോഗിച്ച് പുറത്തെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. പിന്നീടാണ് കാര്യം മനസിലായത്,  റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് എങ്ങനെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതിന്റെ മോക്ക് ഡ്രില്ലായിരുന്നു അവിടെ നടന്നതെന്ന്.

റെയില്‍വേ, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യവകുപ്പ് എന്നിവര്‍ സംയുക്തമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ മാതൃകാ രക്ഷാപ്രവര്‍ത്തനം പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഘടിപ്പിച്ചത്. വകുപ്പുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തുന്നതിനും അപാകതകള്‍ മനസിലാക്കി പരിഹരിക്കുന്നതിനും സ്വയം സജ്ജ്മാണെന്ന് ഉറപ്പിക്കുന്നതിനുമായാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. ഇത്തരമൊരു രക്ഷാപ്രവര്‍ത്തനത്തിലൂടെ ദുരന്തനിവാരണത്തിനായി ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങി ഓരോ വകുപ്പും പര്യാപ്തമാണെന്ന് സ്വയം വിലയിരുത്താന്‍ കഴിഞ്ഞതായി റെയില്‍വേ സേഫ്റ്റി ഓഫീസര്‍ മുരളീധരന്‍ പറഞ്ഞു. അഗ്നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ ഹിദേഷ്, അസിസ്റ്റന്റ് ഓഫസര്‍ രാകേഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരായ ജഗന്നാഥ് റോയ്, ഗിരീഷ് കുമാര്‍, ടി.വിനോദ്,  നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ സുജിത്ത്കുമാര്‍, എസ്.ഐ സുധീഷ്‌കുമാര്‍, പുതുപ്പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമദാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.