ഓണത്തിന് ഒരു മുറം പച്ചക്കറി: നെടുങ്കണ്ടം ബ്ലോക്ക്തല പച്ചക്കറിവിത്ത് വിതരണ ഉദ്ഘാടനം നടന്നു

post

ഇടുക്കി : കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം ബ്ലോക്ക്തല പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം നടന്നു. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചരിക്കുന്നത്.   പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  റെജി പനച്ചിക്കല്‍ നിര്‍വ്വഹിച്ചു. കര്‍ഷകരായ ഓമനക്കുട്ടന്‍, ജെസി കുര്യന്‍, വിദ്യാര്‍ത്ഥിയായ അശ്വിന്‍ എന്നിവര്‍ പച്ചക്കറി വിത്തുകള്‍ ഏറ്റുവാങ്ങി. ആദ്യഘട്ടത്തില്‍ ലഭ്യമായ പച്ചക്കറി വിത്തുകള്‍ നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ്   ഡയറക്ടറേറ്റ് ഓഫീസിന്  കീഴിലുള്ള ഏഴ്  കൃഷിഭവനുകള്‍ക്കും കൈമാറി. ചീര, പയര്‍, പടവലം, പാവല്‍ തുടങ്ങിയ  വിത്തുകളാണ്  വിതരണം ചെയ്തത്. അടുത്ത ഘട്ടത്തില്‍ ബ്ലോക്ക് പരിധിയിലുള്ള എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും  കൃഷിഭവനുകള്‍ മുഖേന  വിതരണം ചെയ്യും. നെടുങ്കണ്ടം കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് അങ്കണത്തില്‍ നടത്തിയ യോഗത്തില്‍ നെടുങ്കണ്ടം കൃഷി ഓഫീസര്‍ ഷീന്‍ ജോണ്‍, കൃഷിഭവന്‍ ജീവനക്കാര്‍, ബി.എല്‍.എഫ്.ഒ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.