പൂര്‍ണ സജ്ജമായ ടെലിമെഡിസിന്‍ സംവിധാനവുമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്

post

   • ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ പദ്ധതിയുടെ ഭാഗമായ വോളണ്ടിയര്‍മാര്‍ക്ക്  ടാബ് നല്‍കും

   • 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍

 • മന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദ്ദേശിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ഥ്യമാക്കുന്നു

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെലി മെഡിസിന്‍ സംവിധാനമൊരുക്കി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ടെലി മെഡിസിന്‍ സംവിധാനം ഒരുക്കുന്നത്. പദ്ധതിയുടെ ട്രയല്‍ റണ്‍ ഈ ആഴ്ച ആരംഭിക്കും. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വിഭാവനം ചെയ്ത പദ്ധതി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് പഞ്ചായത്തുകളില്‍ നടപ്പാക്കിയിട്ടുള്ള റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായാണ് ടെലി മെഡിസിന്‍ സംവിധാനം ഒരുക്കുന്നത്. 10 വയസിനു താഴെ യുള്ളവര്‍ ,  65 വയസിനു മുകളിലുള്ളവര്‍, മാരക രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, ഒന്നിലധികം അസുഖമുള്ളവര്‍ എന്നിവരാണ് ബ്ലോക്ക് പഞ്ചായത്തിന്റെ റിവേഴ്‌സ് ക്വാറന്റൈന്‍ പട്ടികയില്‍ ഉള്ളത്. ഇവര്‍ വീടുകളില്‍ നിന്നും ഇറങ്ങാതെയും മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെയും കഴിയണം. റിവേഴ്‌സ് ക്വാറന്റൈനിലുള്ളവര്‍ക്ക് ആശുപത്രിയില്‍ പോകാതെ വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കാണാനുള്ള സൗകര്യം ഒരുക്കുകയാണ് ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ. ഇതിനായി വലിയ തോതിലുള്ള ഡാറ്റാ ശേഖരണം ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.  

ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ 15 ഡോക്ടര്‍മാര്‍, ആര്‍ദ്രമീ ആര്യാടിന്റെ ഭാഗമായുള്ള വോളന്റിയര്‍മാര്‍, സി- ഡാക്ക് എന്നിവരുടെ സഹകരണത്തോടെയാണ് ടെലി മെഡിസിന്‍ സംവിധാനം നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ 80 വാര്‍ഡുകളിലുമായി രൂപീകരിച്ചിട്ടുള്ള ക്വാറന്റൈന്‍ സപ്പോര്‍ട്ട് സെന്ററുകളാണ് ടെലി മെഡിസിന്‍ സംവിധാനത്തില്‍ പ്രധാന പങ്കു വഹിക്കുന്നത്. റിവേഴ്‌സ് ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് ഡോക്ടറെ കാണേണ്ട സാഹചര്യം ഉണ്ടായാല്‍ സപ്പോര്‍ട്ട് സെന്ററുകളെ അറിയിക്കണം. സപ്പോര്‍ട്ട് സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്രമീ ആര്യാട് വോളന്റിയര്‍മാര്‍ രോഗികളുടെ വീട്ടിലെത്തും. ഓരോ വാര്‍ഡിലും രണ്ടു വോളന്റിയര്‍മാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. രോഗ വിവരങ്ങള്‍ ഡോക്ടറോട് പങ്കുവെക്കാനായി മൊബൈല്‍ ടാബ്ലെറ്റും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും വോളന്റിയര്‍മാര്‍ക്കുമാണ് ടാബ് നല്‍കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററില്‍ വിളിച്ചാല്‍ വോളന്റിയര്‍മാര്‍ ടാബുമായി വീട്ടില്‍ എത്തും. രോഗ വിവരങ്ങള്‍ ടാബിലൂടെ ഡോക്ടര്‍മാരോട് പറയാന്‍ സാധിക്കും. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ വോളന്റിയര്‍മാര്‍ തന്നെ വീട്ടില്‍ എത്തിച്ചു നല്‍കുകയും ചെയ്യും.

ടെലി മെഡിസിന്‍ സംവിധാനം എങ്ങനെ ഫലപ്രദമായി പ്രയോഗത്തില്‍ കൊണ്ടുവരണം എന്നത് സംബന്ധിച്ച് സി-ഡാക്ക് സയന്റിസ്റ്റ് ഡോ.പി.ജെ ബിനുവിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും വോളന്റിയര്‍മാര്‍ക്കും വിശദമായ ക്ലാസ്സ് നല്‍കിയിട്ടുണ്ട്. സി - ഡാക്ക് തന്നെ വികസിപ്പിച്ച അപ്ലിക്കേഷനാണ് ടെലി മെഡിസിനു വേണ്ടി ഉപയോഗിക്കുന്നത്.

ഒരാഴ്ച ട്രയല്‍ റണ്‍ നടത്തിയ ശേഷം പോരായ്മകള്‍ പരിഹരിച്ചു പദ്ധതി സജീവ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടു പോകാനാണ് തീരുമാനമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് എന്‍. പി സ്നേഹജന്‍, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ടെലി മെഡിസിന്‍ ഉള്‍പ്പെടെ ആര്‍ദ്രമീ ആര്യാട് പദ്ധതിക്കായി 42 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.