നെല്പിണി ക്ഷേത്രത്തില്‍ കണ്ടെത്തിയ പൗരാണിക ശിലാലിഖിതം ക്രോഡീകരിച്ചു

post

തൃശൂര്‍ : മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശ്രീനാരായണപുരം നെല്പിണി ക്ഷേത്രത്തില്‍ കണ്ടെത്തിയ പൗരാണിക ശിലാലിഖിതം ക്രോഡീകരിച്ചു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ തറയില്‍ സോപാനത്തിലെ വടക്കുഭാഗത്താണ് ചെറിയ ശിലാലിഖിതം കണ്ടെത്തിയത്. മുസിരിസ് പൈതൃക പദ്ധതി അധികൃതരുടെ ക്ഷേത്രസന്ദര്‍ശനത്തിനിടയിലാണ് തീരദേശ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫസര്‍ കേശവന്‍ വെളുത്താട്ട് ഈ പൗരാണിക ലിഖിതം വായിച്ചെടുത്തത്. ഏകദേശം പത്തോ പതിനൊന്നോ നൂറ്റാണ്ടിലാണ് ഈ അക്ഷരങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. ആദ്യത്തെ വരിയിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളും അവസാനത്തെ വരിയിലെ ഒടുവിലെ അക്ഷരങ്ങളും ഗ്രന്ഥാക്ഷരങ്ങളാണ്. ബാക്കിയുള്ളവയെല്ലാം വട്ടെഴുത്തും.സോപാനത്തിന്റെ കൈവരി കല്ലുകള്‍ ലിഖിതത്തിന്റെ മുകളിലൂടെ പടുത്തു പോയതുകൊണ്ട് ഓരോ വരിയിലും അവസാനത്തെ ഒന്നോ രണ്ടോ അക്ഷരങ്ങള്‍ മാത്രമാണ് ക്രോഡീകരിക്കാന്‍ സാധിക്കാഞ്ഞത്. അമ്പത് കൊല്ലം മുന്‍പ് പ്രൊഫസര്‍ എം ജി എസ് നാരായണന്‍, ഡോക്ടര്‍ എം ആര്‍ രാഘവ വാര്യര്‍ എന്നിവര്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ച് ഒരു പാഠം തയ്യാറാക്കിയിരുന്നു. ഈ പാഠവുമായി ഒത്തു നോക്കിയാണ് ലിഖിതം വായിച്ചെടുത്തത്. ഇതുപ്രകാരം ഇന്നത്തെ മലയാളത്തില്‍ സ്വസ്തിശ്രീ. പുത്തഴിയത്ത് രവി രാമന്‍ നയ്പിണി മുക്കാല്‍ വട്ടം (ക്ഷേത്രം) പണി ചെയ്യിച്ച ഇളെടത്തു ദാമോദരന്‍ ഉത്സാഹപുണ്യശ്രീ എന്നാണ് വായിച്ചെടുത്തത് അര്‍ത്ഥം കണ്ടെത്തിയത്.

മുസ്രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യവികസനങ്ങളാണ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അധികൃതര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് പുരാതനമായ തൃക്കണാമതിലകം ചരിത്രവുമായി് ബന്ധമുണ്ട്. പടിഞ്ഞാറ് ദിശയിലേക്ക് ദര്‍ശനമായിട്ടുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. മലയാള ലിപിയുടെ ആദ്യകാല രൂപമായ വട്ടെഴുത്ത് ക്ഷേത്രത്തിലെ കരിങ്കല്‍ തൂണുകളില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, കോ-ഓഡിനേറ്റര്‍ എം കെ ജോസഫ്, മ്യൂസിയം മാനേജര്‍ ഡോക്ടര്‍ മിഥുന്‍ ശേഖര്‍ എന്നിവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.