പൊതുമരാമത്ത് വിശ്രമമന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു

post

തിരുവനന്തപുരം : വര്‍ക്കലയില്‍ പുതുതായി നിര്‍മ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണോദ്ഘാടനം മൊബൈല്‍ ഫോണ്‍ ഓഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.

ശ്രീനാരായണഗുരുവിന്റെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ വര്‍ക്കലയില്‍ പുതിയ മന്ദിരം ഒരു മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ മന്ദിരം യാഥാര്‍ത്ഥ്യമാകുന്നതോടെ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ താമസിക്കാനാകും. ഇത് വര്‍ക്കലയിലെ വിനോദസഞ്ചാരത്തിന് ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

40 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി 20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് മന്ദിരം നിര്‍മിക്കുന്നത്. നാല് സൂട്ട് റൂമുകള്‍, 14 ഡീലക്സ് മുറികള്‍, ആറ് സ്റ്റാന്‍ഡേര്‍ഡ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ മന്ദിരത്തിലുണ്ടാകും. എട്ടുകോടി രൂപയാണ് നിര്‍മാണചെലവ് പ്രതീക്ഷിക്കുന്നത്. വര്‍ക്കല നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വര്‍ക്കല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ് സ്വാഗതം ആശംസിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ എം കെ യൂസഫ്, ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമംഗല. വാര്‍ഡ് കൗണ്‍സിലര്‍ സ്വപ്ന ശേഖര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.