ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; ഇളവുകള്‍ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാല്‍, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കന്നുകാലിതീറ്റ, വെറ്റിനറി മരുന്നുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണിമുതല്‍ രാവിലെ 11 മണിവരെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ എന്നിവ കര്‍ശനമായും പാലിക്കണം. ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങള്‍ അത്യാവശ്യം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിവേണം പ്രവര്‍ത്തിക്കാന്‍. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. ഇവര്‍ക്ക് ജോലിക്കെത്താന്‍ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖ നല്‍കണം. യാത്രചെയ്യുന്നവര്‍ ഈ രേഖയും ഓഫീസ് ഐ.ഡി കാര്‍ഡും കൈവശം കരുതണം. ടെക്ക്നോപാര്‍ക്കില്‍ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ യാത്രാപാസിനായി സി.ഇ.ഒ മുഖേന എ.ഡി.എമ്മിന് അപേക്ഷ സമര്‍പ്പിക്കണം. കന്നുകാലി-കോഴി ഫാമുകള്‍, എഫ്.സി.ഐ-സിവില്‍ സപ്ലൈസ് വെയര്‍ ഹൗസുകള്‍ എന്നിവ പരമാവധി ജീവനക്കാരെ കുറച്ച് പ്രവര്‍ത്തിക്കണം. 

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കുറഞ്ഞത് പത്ത് ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ കുടുംബശ്രീക്ക് നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ഒറ്റയ്ക്കു താമസിക്കുന്ന 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കാന്റീന്‍ സൗകര്യമില്ലാതെ ഹോട്ടല്‍/ലോഡ്ജുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം എത്തിച്ചുനല്‍കും. ഒരു കുടുംബത്തിന് പരമാവധി രണ്ട് ഭക്ഷ്യപ്പൊതികള്‍ മാത്രമേ ലഭിക്കുകയുള്ളു. ഭക്ഷണം ആവശ്യമുള്ളവര്‍ 9061917457, 8921663642, 9400939914, 9020078480, 7012389098 എന്നീ നമ്പരുകളില്‍ രാവിലെ എട്ടുമണിക്ക് മുന്‍പ് ബന്ധപ്പെടണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.