ജില്ലയില്‍ കൂടുതല്‍ ക്ലസ്റ്റര്‍ ക്വാറന്റന്‍/കണ്ടെയ്ന്‍മെന്റ് സോണുകള്‍

post

ആലപ്പുഴ: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ക്ലസ്റ്റര്‍ ക്വാറന്റന്‍/കണ്‍ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ ഉത്തരവായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, തുറവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1,16,18, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 16 എന്നീ വാര്‍ഡുകളും ക്ലസ്റ്റര്‍ ക്വാറന്റന്‍ /കണ്‍ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവായി.

പ്രസ്തുത വാര്‍ഡുകളിലെ/പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായ ത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും.

അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് പിഡിഎസ്, രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല.ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല.പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണവും ശക്തമാക്കണം.

ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ് / വാര്‍ഡ് ആര്‍ ആര്‍.റ്റി കളുടെ സേവനം തേടാവുന്നതാണ്. പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം ആവശ്യമായ ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പോലീസ്. ട്രഷറി പെട്രോളിയം, എല്‍.പി.ജി. പോസ്റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

മേല്‍പ്പടി പഞ്ചായത്തുകളില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരിക്കുന്നു.

ഈ ഉത്തരവുകള്‍ ലംഘിക്കന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.