കെയർ ഹോം കരുതലിൽ സിദ്ധാർഥന് സ്‌നേഹവീട്

post

കെയര്‍ ഹോം പദ്ധതി വഴിയുള്ള 2000ാമത്തെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി
തിരുവനന്തപുരം : സഹകരണ വകുപ്പിന്റെ 'കെയര്‍ ഹോം' പദ്ധതി വഴി ലഭിച്ച വീട്ടിന്റെ സ്നേഹത്തണലില്‍ കുമാരപുരം സ്വദേശി സിദ്ധാര്‍ഥന് ഇനി അന്തിയുറങ്ങാം. പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയിലെ രണ്ടായിരാമത്തെ വീടായാണ് കുമാരപുരം പടിഞ്ഞാറ്റില്‍ ലെയിനിലെ പുതിയ വീട് സിദ്ധാര്‍ഥനും ഭാര്യ കുമാരി തങ്കത്തിനും സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താക്കോല്‍ കൈമാറിയത്.
മഴയത്ത് ഷീറ്റിട്ട വീട് തകര്‍ന്ന് ആശ്രയമില്ലാതായ സിദ്ധാര്‍ഥനും ഭാര്യ കുമാരി തങ്കത്തിനുമാണ് പുതിയ വീട് ആശ്രയമായത്. തിരവനന്തപുരം ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് അണമുഖം വാര്‍ഡില്‍ പുതിയ വീട് നിര്‍മിച്ച് നല്‍കിയത്. വിശാല രണ്ടു ബെഡ് റൂമുകളും ഹാളും സൗകര്യങ്ങളുള്ള അടുക്കളയുമാണ് വീട്ടിലുള്ളത്. പുത്തന്‍ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിദ്ധാര്‍ഥനും ഭാര്യയും. മുമ്പ് തയ്യല്‍ ജോലികള്‍ ചെയ്താണ് ഇദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്.
സഹകരണ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ നിറകണ്ണുകളോടെയാണ് സിദ്ധാര്‍ഥനും തങ്കവും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുമാരപുരത്തെ പുതിയ വീടിലെത്തി സിദ്ധാര്‍ഥനും ഭാര്യക്കുമൊപ്പം ഗൃഹപ്രവേശത്തിന്റെ സന്തോഷം പങ്കിട്ടു.
ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാര്‍ ഡോ: നരസിംഹുഗാരി ടി.എല്‍. റെഡ്ഢി, കൗണ്‍സിലര്‍ കരിഷ്മ, ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണം സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ് കെയര്‍ ഹോം പദ്ധതി. ആകെ 2092 വീടുകളാണ് ഈ പദ്ധതിയിലൂടെ സഹകരണ വകുപ്പ് നിര്‍മിച്ച് കൈമാറുന്നത്. ഇതില്‍ 1999 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് ഇതിനകം കൈമാറി. അന്താരാഷ്ട്ര സഹകരണ ദിനമായ ശനിയാഴ്ചയാണ് 2000ാമത്തെ വീട് മന്ത്രി ഗുണഭോക്താവിന് കൈമാറിയത്.
കെയര്‍ ഹോം വഴിയുള്ള വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയില്‍ കുറയരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയതെങ്കിലും ഇതിലും കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുകളാണ് പലയിടത്തും ഒരുങ്ങുന്നത്. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും 6-7 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിര്‍മ്മിച്ചത്. 10 ലക്ഷം രൂപ വരെ ചെലവഴിച്ച വീടുകളുമുണ്ട്. സമയബന്ധിതമായി, മനോഹരമായി തന്നെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്‍പന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനോപ്പം വീട്ടുകാര്‍ക്കായി ഒരുക്കി നല്‍കി.
പ്രളയദുരന്തത്തില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ച് നല്‍കുകയാണ് 'കെയര്‍ ഹോം' പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ 1700ല്‍ അധികം വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറാനായി.
ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത് തൃശൂര്‍ ജില്ലയിലാണ് - 497 വീടുകള്‍. എറണാകുളം ജില്ലയില്‍ 362 ഉം, ഇടുക്കി ജില്ലയില്‍ 212 ഉം, പാലക്കാട് ജില്ലയില്‍ 206 ഉം, ആലപ്പുഴ ജില്ലയില്‍ 180 ഉം, പത്തനംതിട്ട ജില്ലയില്‍ 114 ഉം, മലപ്പുറം ജില്ലയില്‍ 90 ഉം, വയനാട് ജില്ലയില്‍ 84 ഉം, കോട്ടയം ജില്ലയില്‍ 83 ഉം, തിരുവനന്തപുരം ജില്ലയില്‍ 59 ഉം, കോഴിക്കോട് ജില്ലയില്‍ 44 ഉം, കൊല്ലം ജില്ലയില്‍ 42 ഉം, കണ്ണൂര്‍ ജില്ലയില്‍ 20 ഉം, കാസര്‍കോട് ജില്ലയില്‍ ഏഴും വീടുകളാണ് സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ചത്.