ഏറ്റവും വലിയ ഓൺലൈൻ സംഗമത്തിന് വേദിയൊരുക്കി സഹകരണ ദിനാഘോഷം

post

ഒരു ലക്ഷം സഹകാരികളുടെ ഓണ്‍ലൈന്‍ സംഗമം

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര സഹകരണ ദിനം. സഹകരണ സംഘങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുകയാണ് ദിനാചരണ ലക്ഷ്യം. ഈ ദിനത്തില്‍ പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ രണ്ടായിരം വീടുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ആകെ 2092 വീടുകളാണ് ഈ പദ്ധതിയിലൂടെ സഹകരണ വകുപ്പ് നിർമിച്ച് കൈമാറുന്നത്. ഒരു ലക്ഷം സഹകാരികളുടെ ഓണ്‍ലൈന്‍ സംഗമത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സംഗമത്തിന് വേദി ഒരുങ്ങുകയാണിന്ന്. 

കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ഓൺലൈൻ സംഗമത്തില്‍ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും സൂം/യൂട്യൂബ് & ഫേസ്ബുക്ക് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ തത്സമയം പങ്കുചേരും. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവും സഹകാരി സംഘങ്ങളും, സ്ഥാപനങ്ങളും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുക. എല്ലാ സംഘങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജില്ല, താലൂക്കുതല ഓഫീസുകളിലും കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സഹകരണ പതാക ഉയർത്തും. 

സഹകരണ ദിനാഘോഷത്തോട് അനുബന്ധിച്ച് കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച രണ്ടായിരാമത് വീടിന്റെ താക്കോൽ ദാനവും കെയർ ഹോം ഡോക്യുമെന്ററി പ്രകാശനവും നിർവഹിക്കും. തിരുവനന്തപുരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും ജൂലൈ ആദ്യ ശനിയാഴ്ച ആണ് അന്താരാഷ്ട്ര സഹകരണ ദിനമായി ആചരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ, അന്തർദേശീയ ഐക്യത്തിനും വികസനത്തിനും നൽകുന്ന മാതൃകകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സഹകരണ ദിനാഘോഷത്തിന്റെ ലക്ഷ്യങ്ങൾ. "കോ-ഓപ്പറേറ്റിവ്സ് ഫോർ ക്ലൈമറ്റ്‌ ആക്ഷൻ" എന്നതാണ് ഇത്തവണത്തെ പ്രമേയം. കാലാവസ്ഥാ വ്യതിയാനം ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെതിരായ ചെറുത്ത് നിൽപ്പിലും, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് സഹായമായ പദ്ധതികളും പ്രവർത്തികളും ആവിഷ്കരിക്കുന്നതിലും സഹകരണ പ്രസ്ഥാനങ്ങൾ കൂടുതലായി മുന്നിട്ടിറങ്ങുക എന്നതാണ്‌ ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.