'ദാഹനീര്‍ ചാത്തന്നൂര്‍' ഉദ്ഘാടനം ചെയ്തു

post

കൊല്ലം:സംസ്ഥാനത്ത് പുതുതായി 10 ലക്ഷം കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി കെ കൃഷണന്‍കുട്ടി പറഞ്ഞു. ദാഹനീര്‍ ചാത്തന്നൂര്‍ പദ്ധതിയുടെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തിലെ ജലവിതരണ ശൃംഖലയുടെ വിപുലീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10,000 ലിറ്ററും മറ്റുള്ളവര്‍ക്ക് 3000 ലിറ്ററും സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണ്. ഓരോ ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ എത്രമാത്രം ശാസ്ത്രീയമായി ജലസേചനം നടത്തി എന്ന് പറയാന്‍ ബാധ്യസ്ഥരാണ്. കൃത്യവും ശാസ്ത്രീയവുമായ ജലസേചനത്തിലൂടെ കാര്‍ഷികവൃദ്ധി സാധ്യമാവുമെന്നും ഓരോ കുടുംബത്തിനും വരുമാനം ലഭ്യമാവുന്ന തരത്തിലേക്ക് കൃഷിയെ മാറ്റിയെടുക്കാമെന്നും മന്ത്രി പറഞ്ഞു.കുടിവെള്ളം എല്ലാവരുടെയും അവകാശമാണ്. ശുദ്ധജലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജി. എസ് ജയലാല്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ ദീപു, വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍, തദ്ദേശ ജനപ്രതിനിധികളായ യു. എസ് ഉല്ലാസ് കൃഷ്ണന്‍, പ്രേമചന്ദ്രനാശാന്‍, സി. സുശീല ദേവി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.