സുഭിക്ഷ കേരളം: മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണ വകുപ്പ്

post

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. സഹകരണ സംഘങ്ങള്‍ മുഖേന തരിശു ഭൂമിയില്‍ പച്ചക്കറി ഉത്പാദനം ലക്ഷമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ വളപ്പില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. തരിശുഭൂമിയില്‍ കൃഷിയിറക്കുന്ന നിലയിലേക്ക് പൊതുബോധത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിനായെന്ന് മന്ത്രി പറഞ്ഞു.  പ്രതിസന്ധികളെ അവസരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി നാടാകെ ഏറ്റടെടുത്തതായും അദ്ദേഹം പറഞ്ഞു. ഒരോ സഹകരണ സംഘത്തോടും 50 സെന്റ് തരിശ് ഭൂമി കൃഷിക്ക് ഉപയുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം തെങ്ങിന്‍ തൈകളും പരിപാലിക്കും .

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക്,  ബാലരാമപുരം ഗ്രാമപഞ്ചായത്ത്, ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ എന്നിവ സംയുക്തമായാണ് കൃഷി നടത്തുക. നിലവില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി നടത്തുന്ന കൃഷി വഴി 3000 തൊഴിലുറപ്പ് ദിനങ്ങള്‍ സൃഷ്ട്ടിച്ചു. എ. വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. നരസിംഹുഗരി.റ്റി.എന്‍. റെഡ്ഡി,  ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രതാപചന്ദ്രന്‍, കൈത്തറി ടെക്സ്റ്റയില്‍സ് ഡയറക്ടര്‍ കെ.സുധീര്‍ എന്നിവര്‍ പങ്കെടുത്തു.