സാഫല്യം മൂന്നാംഘട്ടം കുരിയോട്ടുമല പട്ടികവര്‍ഗ കോളനിയില്‍ നടപ്പാക്കും

post

കൊല്ലം:  സാഫല്യം ഭവന നിര്‍മാണ പദ്ധതിയുടെ മൂന്നാംഘട്ടം പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുരിയോട്ടുമല പട്ടികവര്‍ഗ കോളനിയില്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. സാഫല്യം ഭവന നിര്‍മാണ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചരിപ്പ ട്രൈബല്‍ കോളനിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അഞ്ച് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു പ്രസിഡന്റ്.

30 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിനായിരുന്നു പദ്ധതിയുടെ നിര്‍വഹണ ചുമതല. ഭവന നിര്‍മാണത്തിനുള്ള ധനസഹായം ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കാതെ പ്ലംബിങ്,  ഇലക്ട്രിഫിക്കേഷന്‍,  ടോയ്‌ലറ്റ് സംവിധാനമടക്കം വീട് നിര്‍മിച്ചു നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് സാഫല്യം. പദ്ധതിയുടെ ആദ്യഘട്ടമായി അച്ചന്‍കോവില്‍ ഗിരിവര്‍ഗ കോളനിയിലെ പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍ അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം പി ആര്‍ പുഷ്‌കരന്‍, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.