ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: കാരണകോടം തോട്ടിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു

post

എറണാകുളം: കൊച്ചിനഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ കീഴില്‍ കാരണകോടം തോട്ടിലെ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയാകുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മെട്രോ സ്‌റ്റേഷന്‍ മുതല്‍ കാരണകോടം തോട് ചിലവന്നൂര്‍ കായലില്‍ ചേരുന്നത് വരെയുള്ള അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പ്രധാനമായും തോട്ടിലെ ഒഴുക്ക് സുഗമമാക്കുന്നതിനായുള്ള ചെളിനീക്കവും, വശങ്ങള്‍ സുരക്ഷിതമാക്കുകയുമാണ് ചെയ്യുന്നത്.

ഇവിടെ ബ്രേക്ക് ത്രൂ പദ്ധതിയുടെ കീഴിലെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രവൃത്തികളും ഇതിനകം പൂര്‍ത്തിയായി. ഈ മാസം അഞ്ചാം തീയതിയോടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നാല് കോടിരൂപ ചെലവ് കണക്കാക്കുന്ന വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ കാരണകോടം തോട്ടിലെ നീരൊഴുക്ക് സുഗമമാവുകയും കലൂര്‍ സ്‌റ്റേഡിയം, തമ്മനം, കത്രിക്കടവ് പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും. ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ടിനാണ് കാരണകോടം നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. പ്രവര്‍ത്തനങ്ങളുടെ ഫലമായി തോട് ചെലവന്നൂര്‍ കായലില്‍ ചേരുന്ന ഭാഗത്തെ വീതി ഏഴ് മീറ്ററില്‍ നിന്നും 15 മീറ്ററായി. ഇവിടെനിന്നും ഒഴുക്കിന് തടസമായിരുന്ന ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തിരുന്നു. അതിവേഗം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.