കാര്‍ട്ടൂണ്‍ മതിലില്‍ വിരിഞ്ഞത് കൊറോണ ബോധവല്‍ക്കരണ വരകള്‍

post

ഇടുക്കി:  കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ.... കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ മതിലില്‍ താരങ്ങളായി. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന കൊറോണ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. തൊടുപുഴ ഗാന്ധിസ്‌ക്വയറിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ ചുവരിലാണ് 12 കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.

സംസ്ഥാന തലത്തില്‍ നടത്തുന്ന കാര്‍ട്ടൂണ്‍ ബോധവല്‍ക്കരണം ഇതിനോടകം 13 ജില്ലകള്‍ പിന്നിട്ടു. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഒമ്പത് കാര്‍ട്ടൂണിസ്റ്റുകളാണ് തൊടുപുഴയിലെത്തിയത്. ഓരോ ജില്ലയിലുമെത്തുമ്പോള്‍ അതാതിടങ്ങളിലെ പ്രശസ്തരായ വ്യക്തികള്‍, ഭാഷ, സ്ഥലങ്ങള്‍, കലാരൂപങ്ങള്‍, ചരിത്രം എന്നിവയൊക്കെ കഥാപാത്രങ്ങളാകും. ഇടുക്കിയിലെത്തിയപ്പോള്‍ കൊലുമ്പന്‍, ഇടുക്കി ഡാം, ചെറുതോണി അണക്കെട്ട്, ഇടുക്കിയില്‍ ചിത്രീകരിച്ച സിനിമകള്‍, ഇടുക്കി ജില്ലക്കാരനായ സിനിമാ താരം ആസിഫ് അലി എന്നിവയൊക്കെ കഥാപാത്രങ്ങളായി മാറി.  ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളിലൂടെയാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ജനങ്ങളോട് സംവദിക്കുക.

കൊറോണ ബോധവല്‍ക്കരണം ജനങ്ങളിലേക്കെത്തിക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗം കാര്‍ട്ടൂണുകളായതിനാലാണ് കാര്‍ട്ടൂണ്‍ മതിലെന്ന ആശയത്തിന് പിന്നിലെന്ന് അക്കാഡമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി ഡാവിഞ്ചി സുരേഷ് എന്നിവര്‍ പറഞ്ഞു. ഒരോ കാലഘട്ടത്തിലും വലുതും ചെറുതുമായ നിരവധി വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെ കാര്‍ട്ടൂണ്‍ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ ജനങ്ങളില്‍ വലിയ സ്വാധീനവും ചെലുത്തിയിട്ടുണ്ട്. സാക്ഷരതയിലും ആസ്വാദനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളീയരില്‍ നിന്നും കാര്‍ട്ടൂണുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വലുതാണ്. പ്രായഭേദമില്ലാതെ ആസ്വദിക്കാനാവുമെന്നതും കാര്‍ട്ടൂണിന്റെ പ്രത്യേകതയാണ്. ഇതാണ് കരുതലും കാര്‍ട്ടൂണുമെന്ന ആശയത്തില്‍ കാര്‍ട്ടൂണ്‍ മതിലെന്ന സംരഭവുമായി രംഗത്തിറങ്ങാന്‍ അക്കാഡമി തീരുമാനിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 

ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ വരച്ച 'മാസ്‌ക് കെട്ട്യോളാണ് എന്റെ മാലാഖ' എന്നത് യുവതാരം ആസിഫ് അലിയുടെ സിനിമയെ അടിസ്ഥാനമാക്കിയാണ്. ഇതിലൂടെ കെട്ടിലും മട്ടിലും വ്യത്യസ്ഥതയുള്ള മാസ്‌ക് ധരിച്ച നായകനെയും നായികയെയും കാണാം. സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍ വരച്ച 'മാസ്‌കിന്റെ പ്രതികാരത്തില്‍' മാസ്‌ക് കൊറോണയെ തുരത്തുന്ന വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ പേരില്‍ നിന്നു തന്നെയാണ് ഈ ആശയവും രൂപപ്പെട്ടത്. ജോ. സെക്രട്ടറി ഡാവിഞ്ചി സുരേഷിന്റെ ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ ലാലും കൊറോണക്കെതിരായ മുന്നറിയിപ്പ് നല്‍കുന്നു. ഇരുവരും ചേര്‍ന്നഭിനയിച്ച ചിത്രത്തിന്റെ പേരുപയോഗിച്ചാണ് ഈ ആശയം. ന്യൂ ജനറേഷന്‍ സിനിമയിലെ മാസ്റ്റര്‍ പീസ് ഡയലോഗില്‍ നിന്നുമാണ് ഷാജി സീതത്തോട് വരച്ച 'കൊലുമ്പനും മാസ്‌കും ഹീറോയാണ്' എന്ന സംഭാഷണം രൂപപ്പെട്ടത്. ഒരുമിച്ച് നേരിടാമെന്ന ആശയം ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പാട്ടിലൂടെ സനീഷ് ദിവാകരന്‍ അവതരിപ്പിച്ചു. പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ടീച്ചറുടെ അധ്യാപന ശൈലിയിലൂടെ 'അപ്പോള്‍ തങ്കുപ്പൂച്ച മാസ്‌ക്കിട്ടു' എന്ന ആശയമാണ് സജീവ് ശൂരനാട് അവതരിപ്പിച്ചത്. ചെറുതോണി ഡാമിന്റെ പശ്ചാത്തലത്തില്‍ 'കാലവര്‍ഷത്തിന് അണക്കെട്ട് കൊറോണക്ക് മാസ്‌ക്ക്' എന്നതാണ് മാസ്‌ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സുഭാഷ് കല്ലൂര്‍ വരച്ചത്. ഇടുക്കി എന്ന പേരിലൂടെയാണ് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം വി.ആര്‍. സത്യദേവ് അവതരിപ്പിച്ചത്. സത്യദേവിന്റെ ഭാര്യ സുനിത ദേവാണ് ഇതിലെ കഥാപാത്രം. ഭര്‍ത്താവിന് പിന്തുണയുമായി സുനിതയും സ്ഥലത്തെത്തിയിരുന്നു. ശങ്കരാടിയുടെ മാസ്റ്റര്‍ പീസ് ഡയലോഗ് കടമെടുത്ത് 'ഇത്തിരി സോപ്പ്, ഇത്തിരി മാസ്‌ക്ക് ഇത്തിരി അകലം' എന്നതിലൂടെയാണ് രതീഷ് രവി തന്റെ ആശയം അവതരിപ്പിച്ചത്. രണ്ട് പേര്‍ രണ്ട് ചിത്രങ്ങള്‍ വീതവും ബാക്കിയുള്ളവര്‍ ഓരോന്നുമാണ് വരച്ചത്.

കാര്‍ട്ടൂണ്‍ മതിലിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ നിര്‍വഹിച്ചു. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ് അധ്യക്ഷയായി. സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഷോബി വര്‍ഗീസ്, കട്ടപ്പന വയോമിത്രം കോ.ഓര്‍ഡിനേറ്റര്‍ ഷിന്റോ ജോസഫ്, ഡോ.ടോം സിബി, ഡോ. ആല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. 

നിരവധിയാളുകളാണ് കാര്‍ട്ടൂണ്‍ മതില്‍ സന്ദര്‍ശിക്കാനെത്തിയത്. യുവാക്കളടക്കം നിരവധിപേര്‍ ഫോണിലും മറ്റും കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയിരുന്നു. മതിലില്‍ വരച്ച കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ സ്ഥിരമായി നിലനിര്‍ത്താനാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ തീരുമാനം. ഇതിനായി പൊതുമരാമത്ത് വകുപ്പധികൃതരുമായി ധാരണയിലെത്തിയെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഷോബി വര്‍ഗീസ് പറഞ്ഞു.