അറിവ് പകര്‍ന്ന് രാജീവ് നഗര്‍ കോളനിയിലെ സാമൂഹിക പഠനമുറി

post

വയനാട് : കോവിഡ് പശ്ചാത്തലത്തില്‍ പുതിയ അദ്ധ്യായന വര്‍ഷത്തില്‍ നവ്യമായ പഠനാനുഭവങ്ങളുമായി വെണ്ണിയോട് മെച്ചന രാജീവ് നഗര്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള സാമൂഹിക പഠന കേന്ദ്രത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ക്ലാസ്സുകള്‍ ഓണ്‍ലൈനിലൂടെ ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പഠന സൗകര്യം ഏര്‍പ്പെടുത്തുന്നത്.

28 വിദ്യാര്‍ത്ഥികളാണ് വിവിധ ക്ലാസുകളിലായി  രാജീവ് നഗര്‍ കോളനിയില്‍ പഠിക്കുന്നത്. വീടുകളില്‍ ടെലിവിഷന്‍ സൗകര്യമില്ലാത്ത  19 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സാമൂഹിക പഠന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ അശ്വതിയുടെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ നടത്തുന്നത്. 1 മുതല്‍ പ്ലസ് ടൂ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് സാമൂഹിക പഠന കേന്ദ്രത്തിലുള്ളത്.