ശിശുസൗഹൃദ സാനിറ്റൈസര്‍ ഉപകരണവുമായി അധ്യാപകന്‍

post

പത്തനംതിട്ട: സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് കൈ തൊടാതെ സാനിറ്റൈസേഷന്‍ നടത്താനുള്ള ഉപകരണം  രൂപപ്പെടുത്തി അധ്യാപകന്‍. കുറഞ്ഞ ചെലവിലുള്ള ശിശുസൗഹൃദ സാനിറ്റൈസര്‍ ഉപകരണം  വാഴമുട്ടം പന്ന്യാലി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകനായ പ്രശാന്ത് കുമാറാണ് രൂപപ്പെടുത്തിയത്. ലോക്ഡൗണിനു ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ശുചീകരണ സംവിധാനങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും ഒരുക്കേണ്ടതുണ്ട്. മാസ്‌കും സാന്നിറ്റൈസറുകളും കൈ കഴുകലും ജീവിതത്തിലെ ശീലമായി തീര്‍ന്ന കുട്ടികള്‍ക്ക് പള്ളിക്കൂടത്തിലും അതിന് അവസരം ഉണ്ടാക്കുകയാണ് പ്രശാന്ത് കുമാറിന്റെ ലക്ഷ്യം. സാനിറ്റൈസര്‍ ഉപകരണത്തില്‍ കുട്ടികള്‍ക്ക് കൈകള്‍ കൊണ്ടു തൊടേണ്ടി വരുന്നില്ല എന്നതാണ് പ്രധാന സവിശേഷത. ഇതില്‍ താഴെയായി സജ്ജീകരിച്ചിട്ടുള്ള പെഡലില്‍ ചവിട്ടുമ്പോള്‍ ഉപകരണത്തിലെ ബോട്ടിലില്‍ നിന്നും കുട്ടികളുടെ കൈകളിലേക്ക് സാനിറ്റൈസര്‍ ലോഷന്‍ ഒഴുകി വരത്തക്കവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്ത് ഉപകരണം മനോഹരമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് ഉപകരണത്തിന്റെ രൂപകല്‍പ്പനയിലും ചിത്രങ്ങളിലും മാറ്റങ്ങള്‍ വരുത്തി  നിര്‍മിക്കുന്നതാണ് ഉചിതമെന്ന് പ്രശാന്ത് കുമാര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനകം പ്രചാരം ലഭിച്ച ഉപകരണം നിര്‍മിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ പ്രശാന്ത് കുമാറിനെ സമീപിച്ചിട്ടുണ്ട്.