കുടകളിലൂടെ സാമൂഹിക അകലം; കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

post

തൃശ്ശൂര്‍: കുടുംബശ്രീയുടെ 'കുടകളിലൂടെ സാമൂഹിക അകലം' എന്ന ക്യാമ്പയിന്‍ ജില്ലാ കളക്ടറേറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ശാരീരിക അകലം സാമൂഹ്യ ഒരുമ എന്ന ആശയം എല്ലാ അയല്‍ക്കൂട്ടങ്ങളിലും എത്തിക്കുന്നതിനായാണ് ഈ പദ്ധതി. പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനായും ഉറപ്പുവരുത്തുന്നതിനായും കുടകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ കുടുംബശ്രീ കുട നിര്‍മാണ യൂണിറ്റുകളുടെ കുടകള്‍ക്ക് വിപണി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനുള്ള ഫുഡി അപ്ലിക്കേഷനായ അന്നശ്രീയുടെ ഉദ്ഘാടനവും, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാര്‍ഷിക കലണ്ടറിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

ജില്ലയിലെ നഗരപരിധിയിലുള്ള മൂന്ന് കുടുംബശ്രീ ഫുഡ് കോര്‍ട്ടുകളും അഞ്ച് കുടുംബശ്രീ യൂണിറ്റുകളും ചേര്‍ന്നാണ് തൃശൂര്‍ നഗരപരിധിയില്‍ 40 രൂപയ്ക്ക് ഉച്ച ഭക്ഷണവും മറ്റു ഭക്ഷണങ്ങളും ആപ്പ് വഴി നല്‍കുക. ഓരോ കാലത്തും നടേണ്ട വിത്തിനങ്ങളെ പറ്റിയുള്ള വിവരമാണ് കാര്‍ഷിക കലണ്ടര്‍ നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ മേരി തോമസ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍ കെ വി, ജില്ലാ മിഷന്‍ സ്റ്റാഫുകള്‍, കളക്ടറേറ്റ് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.