ബൈപാസ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനുളള ബോള്‍ട്ട് ഘടിപ്പിക്കല്‍ തുടങ്ങി

post

മന്ത്രി ജി. സുധാകരന്‍ കുതിരപ്പന്തി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി

ആലപ്പുഴ: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി, കോഴിക്കോട് നിന്നും വന്ന വിദഗ്ധരായ ഫിറ്റര്‍മാര്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് ബോള്‍ട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചു. തിങ്കളാഴ്ച് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയിരുന്നു. സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഉണ്ണി, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ നാഷണല്‍ ഹൈവേ അനില്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം റെയിവേ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറുടെ അംഗീകാരം ലഭ്യമായിരുന്നു. തുടര്‍ന്ന് പണി ആരംഭിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഗര്‍ഡറുകള്‍ എടുത്തുവയ്ക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും. മഴക്കാലത്ത് തന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടത്തുന്നതിനും, മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടാറിംഗ് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അപ്പ്രോച്ച് റോഡുകളുടേയും കളര്‍ക്കോട് - കൊമ്മാടി ജംഗ്ഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഇതേ കാലയളവിന് മുമ്പായി പൂര്‍ത്തീകരിക്കും. കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം എടുക്കും. തുടര്‍ന്ന് മഴ ഒഴിഞ്ഞാല്‍ ടാറിങ് പൂര്‍ത്തിയാക്കാന്‍ കഴിയും. അതോടൊപ്പം തന്നെ രണ്ട് അപ്രോച്ച് റോഡുകളും പൂര്‍ത്തിയാകും. കൊമ്മാടി, കളര്‍ കോട് ജങ്ഷനുകളുടെ വികസനം വേഗത്തില്‍ നടക്കുകയാണ്. വലിയ മഴ വന്ന് പണി തടസ്സപ്പെട്ടില്ലെങ്കില്‍ നാല് മാസം കൊണ്ട് ബൈപാസിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ അവസാനം എല്ലാ പണികളും തീരാനാണ് സാധ്യതയെന്ന് മന്ത്രി പറഞ്ഞു.